ആഗോള കത്തോലിക്കാസഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിന്നാലാമനെ മാർപാപ്പയായി ഔദ്യോഗികമായി വാഴിക്കുന്ന ചടങ്ങ് ഇന്ന് വത്തിക്കാനിൽ തുടങ്ങി. ലോകമെമ്പാടുനിന്നുമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. മേയ് 8 നാണ് അദ്ദേഹത്തെ പുതിയ മാർപാപ്പയായി തിരഞ്ഞെടുത്തത്.
സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കുള്ളിലാണ് ചടങ്ങുകളുടെ ആരംഭം. ബസിലിക്കയുടെ അടിയിലുള്ള വിശുദ്ധപത്രോസിന്റെ ശവകുടീരം, പൗരസ്ത്യസഭകളിലെ പാത്രിയാര്‍ക്കീസുമാര്‍ക്കൊപ്പം മാര്‍പാപ്പ സന്ദര്‍ശിക്കും. അവിടെ പ്രാര്‍ഥന. റോമിലെ ബിഷപ്പും (ലിയോ പതിന്നാലാമന്‍ മാര്‍പാപ്പ) ആദ്യ മാര്‍പാപ്പയായ പത്രോസും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന ചടങ്ങാണിത്. തുടര്‍ന്ന് രണ്ട് ഡീക്കന്മാര് പാലിയം, മുക്കുവന്റെ മോതിരം, ബൈബിള്‍ എന്നിവയേന്തി സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്ക് മുന്നില്‍ ഒരുക്കിയിരിക്കുന്ന അള്‍ത്താരയിലേക്ക് പോകും. ഇവിടെയാണ് പാലിയവും മുക്കുവന്റെ മോതിരവും അണിയിക്കല്‍ ഉള്‍പ്പെടെയുള്ള പ്രധാന ചടങ്ങുകള്‍ നടക്കുക.