കേരളത്തിൽ മഴ കനക്കുന്ന സാഹചര്യത്തില്‍ ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
മഴക്കാലത്തുണ്ടായേക്കാവുന്ന അപകടങ്ങളെ നേരിടാൻ സർക്കാരും സർക്കാർ സംവിധാനങ്ങളും പൂർണ സജ്ജമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. കാലവർഷത്തെ ജാഗ്രതയോടെയാണ് സമീപിക്കുന്നതെന്നും തദ്ദേശ സ്വയംഭരണ തലത്തിൽ തന്നെയുള്ള ഒരു ഡിസാസ്റ്റർ പ്ലാൻ ആണ് ഇത്തവണ തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എല്ലാ മുൻകരുതലുകളും എടുത്തുകഴിഞ്ഞുവെന്നും ജനങ്ങൾക്ക് ഭീതി വേണ്ട എന്നും മന്ത്രി അറിയിച്ചു. കുറഞ്ഞത് മൂന്ന് തവണയെങ്കിലും കാലവർഷവുമായി ബന്ധപ്പെട്ട യോഗങ്ങൾ നടത്തി. ഭീതിയുണ്ടെങ്കിലും എന്തും നേരിടാൻ സംവിധാനങ്ങൾ തയ്യാറാണ്. മുൻകരുതലുകൾ എടുക്കാൻ ജില്ലാ അധികാരികളുമായും ബന്ധപ്പെട്ടിട്ടുണ്ട്. ജില്ലാ കലക്ടർമാരുമായി നിരന്തരം ബന്ധപ്പട്ടുകൊണ്ടാണ് പ്രവർത്തനം. അതുകൊണ്ടുതന്നെ അനാവശ്യ ഭീതി വേണ്ടെന്നും മന്ത്രി അറിയിച്ചു.