കുടുംബ ബിസിനസ്സുകളുടെ ഭാവി സുരക്ഷിതമാക്കാൻ ദുബായിൽ ‘സെക്യൂർ ദി ലെഗസി ഓഫ് ബിസിനസ്’ സംഘടിപ്പിച്ചു.
ദുബായ്: കുടുംബ ബിസിനസ്സുകളുടെ സുസ്ഥിരമായ വളർച്ച ലക്ഷ്യമിട്ട് ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ (IPA) ദുബായിൽ ‘സെക്യൂർ ദി ലെഗസി ഓഫ് ബിസിനസ്’ എന്ന പേരിൽ ഒരു പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ചലച്ചിത്രനടി ഭാവന ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുത്തു. ഐ.പി.എയുടെ വനിതാ കൂട്ടായ്മയായ ഫെമ്മെ ഫോഴ്‌സിന്റെ സഹകരണത്തോടെ നടന്ന ചടങ്ങിൽ നിരവധി സംരംഭകരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
ദുബായിലെ അൽ സാഹിയ വിമൻസ് ഹാളിൽ നടന്ന ചടങ്ങ് കുടുംബ ബിസിനസ്സുകൾ നേരിടുന്ന പ്രധാന വെല്ലുവിളികളെക്കുറിച്ചും അവയെ അതിജീവിക്കാനുള്ള മാർഗങ്ങളെക്കുറിച്ചുമുള്ള ഉൾക്കാഴ്ചകൾ പങ്കുവെക്കുന്ന വേദിയായി മാറി. ദീർഘകാല വിജയത്തിനും മികച്ച സംരംഭക വളർച്ചയ്ക്കും വഴിയൊരുക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അവതരണങ്ങളും ചർച്ചകളും ഇതിന്റെ ഭാഗമായി നടന്നു.ഐ.പി.എ കൺവീനർ യൂനുസ് തണൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ ചെയർമാൻ റിയാസ് കിൽട്ടൻ അധ്യക്ഷതവഹിച്ചു. വീണാസ് കറിവേൾഡ് സ്ഥാപക വീണാ ജാൻ പരിപാടി ഉദ്ഘാടനം ചെയ്തു. രാജ്യാന്തര പാരാബാഡ്മിന്റൺ താരവും മലയാളിയുമായ ആൽഫിയ ജെയിംസിനെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.
കുടുംബ ബിസിനസ്സുകളിൽ പിന്തുടർച്ചാവകാശം സുഗമമാക്കുന്നതിനും നിയമപരമായ സങ്കീർണ്ണതകൾ ഒഴിവാക്കുന്നതിനും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളെ കുറിച്ച് പ്രമുഖ ബിസിനസ് കോർപ്പറേറ്റ് നിയമ വിദഗ്ധനും എ.ബി.എസ് പാർട്ണേഴ്സ് ലീഗൽ കോൺസൾട്ടന്റ്സിന്റെ മാനേജിംഗ് പാർട്ണറുമായ അഡ്വ. അജ്മൽ ഖാൻ നടക്കൽ സംവദിച്ചു. കാപ്പിറ്ററിയുടെ സ്ഥാപകനും എംഡിയുമായ സി.എ. ശ്രീജിത്ത് കുനിയൽ ‘കുടുംബ സംരംഭത്തിൽ പിന്തുടർച്ചാപരമായ ആസൂത്രണത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു. ‘കീമാൻ ഇൻഷുറൻസിലൂടെ കുടുംബത്തെ ബിസിനസ്സ് റിസ്കിൽ നിന്ന് സംരക്ഷിക്കൽ’ എന്ന വിഷയത്തിൽ സംസാരിച്ച ലൈഫ് ഇൻഷുറൻസ് ഡിവിഷൻ ഹെഡ് വിജയ മാധവൻ, ബിസിനസ്സിലെ പ്രധാന വ്യക്തികൾക്ക് അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാൽ കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിശദീകരിച്ചു.
കുടുംബ ബിസിനസുകളുടെ അടുത്ത തലമുറയിലേക്കുള്ള വിജയകരമായ മാറ്റം സംരംഭകത്വ വളർച്ച സുസ്ഥിരമാക്കുന്നതിന് നിർണ്ണായകമാണെന്നും, ഈ തലമുറ മാറ്റത്തിൽ കുടുംബ ബിസിനസുകളെ പിന്തുണക്കാൻ ഐ പി എ പോലുള്ള ബിസിനസ് കമ്മ്യൂണിറ്റി പ്രതിജ്ഞാബദ്ധരാണെന്ന് ചെയർമാൻ റിയാസ് കിൽട്ടനും വൈസ് ചെയർമാൻ അയൂബ് കല്ലടയും പറഞ്ഞു.പരിപാടിയെ പിന്തുണച്ച വിവിധ പ്രായോജകർക്ക് ചലച്ചിത്രനടി ഭാവന മൊമെന്റോകളും സമ്മാനിച്ചു. ബിബി ജോൺ പരിപാടിക്ക് നന്ദി ആശംസിച്ചു.