ഫംഗസുകൾക്കായി സമർപ്പിച്ചിരിക്കുന്ന ലോകത്തിലെ ആദ്യത്തെ സെന്റർ ഫോർ സ്പീഷീസ് സർവൈവൽ കേന്ദ്രം (CSS) ദുബായ് എക്സ്പോ സിറ്റിയിൽ ആരംഭിച്ചു.
സുസ്ഥിരതാ പവിലിയനായ ടെറയിലാണ് സെന്റർ ഫോർ സ്പീഷീസ് സർവൈവൽ (CSS) കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN SSC)സ്പീഷീസ് സർവൈവൽ കമ്മിഷനുമായി സഹകരിച്ചാണ് എക്സ്പോ സിറ്റിയിൽ പുതിയ സൗകര്യമൊരുക്കിയിരിക്കുന്നത്.
പുതിയകേന്ദ്രം ഫംഗസുകളെ അടിസ്ഥാനമാക്കിയുള്ള ഗ്ലോബൽ റെഡ് ലിസ്റ്റ് തയ്യാറാക്കും. നിലവിൽ ഏകദേശം 1300 ഫംഗസ് സ്പീഷീസുകൾ മാത്രമാണ് റെഡ് ലിസ്റ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ലക്ഷക്കണക്കിന് സ്പീഷീസുകൾ ഇനിയും ഉൾപ്പെടുത്താനുണ്ടെന്നാണ് വിവരം. ഗൾഫ് മേഖലയിലെ ഫംഗസുകളെ കണ്ടെത്തുകയും വംശനാശഭീഷണി നേരിടുന്നവയുടെ വിവരങ്ങൾ പട്ടികയിലുൾപ്പെടുത്തുകയും ചെയ്യും. 186 രാജ്യങ്ങളിൽനിന്നായി 11,000-ത്തിലേറെ വിദഗ്ധരുള്ള ഐയുസിഎൻ ഫംഗസ് സ്പെഷലിസ്റ്റ് ഗ്രൂപ്പുകൾ ഈ പ്രവർത്തനത്തിൽ സഹകരിക്കും.