ഹൈദരാബാദ്: സംഗറെഡ്ഡി ജില്ലയിലെ സിഗാച്ചി ഇൻഡസ്ട്രീസിന്റെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 34 പേർ മരിച്ചതായി റിപ്പോർട്ടുകൾ. 27 പേർക്കായി തിരച്ചിൽ തുടരുകയാണ്. അപകട സമയത്ത് 90 ജീവനക്കാർ ഫാക്ടറിയിലുണ്ടായിരുന്നതായാണ് വിവരം. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. ഇന്നലെ ജൂൺ 30 തിങ്കളാഴ്ച രാവിലെയാണ് സ്ഫോടനമുണ്ടായത്.
അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആദ്യം അഞ്ച് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പിന്നീട് മരണസംഖ്യ ക്രമാതീതമായി ഉയരുകയായിരുന്നു. ഫാക്ടറിക്കുള്ളിലെ റിയാക്ടർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. പൊലീസിനും ഫയർഫോഴ്‌സിനും പുറമേ, ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡിഎഫ്) യൂണിറ്റുകളും രണ്ട് അഗ്നിശമന റോബോട്ടുകളും രക്ഷാപ്രവർത്തനത്തിനെത്തി.
ഫാക്ടറിയിൽ 150 ഓളം തൊഴിലാളികൾ ജോലി ചെയ്തിരുന്നതായും അവരിൽ 90 ഓളം പേർ സ്ഫോടനം നടന്ന സമയത്ത് ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി അഗാധമായ ദുഃഖം രേഖപ്പെടുത്തി. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ അധികാരികൾക്ക് നിർദ്ദേശം നൽകി.