ദുബായിൽ പോലീസ് ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി അറബ് പൗരന്റെ അക്കൗണ്ടിൽ നിന്നും 9,900 ദിർഹം തട്ടിയെടുത്ത കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അഞ്ച് ഏഷ്യൻ പുരുഷന്മാർക്ക് ഒരു മാസം തടവ് ശിക്ഷയും നാടുകടത്തലും വിധിച്ചു. ദുബായ് മിസ്ഡിമെനേഴ്സ് കോടതി പ്രതികൾക്ക് 9,900 ദിർഹം പിഴ ചുമത്തുകയും ചെയ്തു.
യുഎഇ സെൻട്രൽ ബാങ്കിൽ രേഖകൾ അപ്ഡേറ്റ് ചെയ്യാനെന്ന വ്യാജേന, പോലീസ് ഉദ്യോഗസ്ഥരായി വേഷംമാറി ഒരാളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ വെളിപ്പെടുത്താൻ സമ്മർദ്ദം ചെലുത്തി അനുമതിയില്ലാതെ അക്കൗണ്ടിൽ നിന്ന് 9,900 ദിർഹം പിൻവലിക്കുകയായിരുന്നു ഇവർ. ബാങ്ക് വിവരങ്ങൾ ഉടനടി അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുമെന്നും ഇവർ പറഞ്ഞു. മാർച്ചിൽ ആണ് സംഭവം നടന്നത്. തുടർന്ന് നൽകിയ പരാതിയിൽ ദുബായ് പോലീസ് ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.