ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് തുടർന്നാണ് മന്ത്രിയെ കൊട്ടാരക്കര തലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അതെസമയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വാർഡ് കെട്ടിടം തകർന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെതിരെ പ്രതിഷേധം ശക്തമാണ്.
തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് കുളിക്കാൻ പോയ സമയത്ത് വാർഡ് കെട്ടിടം തകർന്ന് വീണ് മരിച്ചത്. മകളുടെ ചികിത്സക്ക് വേണ്ടി ആശുപത്രിയിൽ കൂട്ടിയിരിപ്പിന് വന്നതാണ് ബിന്ദു. പരാതിയുമായി ബിന്ദുവിന്റെ ഭർത്താവ് വിശ്രുതനും രംഗത്തെത്തിയിട്ടുണ്ട്. ഇനിയാർക്കും ഇങ്ങനെ ഒരു അവസ്ഥ വരരുത്. ആരോടാണ് പരാതി പറയണ്ടതെന്നും മക്കളെ പഠിപ്പിച്ചത് ബിന്ദുവാണെന്നും വിശ്രുതൻ പറഞ്ഞു. രക്ഷാപ്രവർത്തനം കുറച്ചു കൂടി നേരത്തെ ആയിരുന്നെങ്കിൽ ഒരു പക്ഷെ ജീവനോടെ കിട്ടിയേനെ. സംഭവസമയത്ത് താൻ ബ്ലഡ് ബാങ്കിൽ ആയിരുന്നുവെന്നും അമ്മയെ കാണാനില്ലെന്ന് മകൾ പറഞ്ഞുവെന്നും ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ കൂട്ടിച്ചേർത്തു.