വേലൂർ ദുബായിൽ ജുമൈറ ബീച്ചിൽ സ്കൂബ ഡൈവിങ്ങിനിടെ അപകടത്തിൽപ്പെട്ട് മരിച്ച യുവ എൻജിനീയറുടെ സംസ്കാരം ഇന്ന് നടക്കും. വേലൂർ ഒലക്കേങ്കിൽ വീട്ടിൽ പോളിൻ്റെയും ഷീജയുടെയും മകനായ ഐസക് പോളാണ് (30) മരിച്ചത്. ഇന്ന് പുലർച്ചെ നാട്ടിലെത്തിക്കുന്ന മൃതദേഹം ഇന്ന് വൈകിട്ട് 4ന് തൃശൂർ വേലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ സംസ്കരിക്കും.
കഴിഞ്ഞ ബലി പെരുന്നാൾ അവധി ദിനത്തിൽ സ്കൂബ ഡൈവിങ്ങിനിടെ ഓക്സിജൻ മാസ്ക് വിട്ടു പോകുകയും തുടർന്ന് ശ്വാസമെടുക്കാൻ കഴിയാതെ മരണം സംഭവിക്കുകയുമായിരുന്നു. ഐസക്കിന്റെ ഭാര്യ രേഷ്മയും സഹോദരൻ ഐവിനും സ്കൂബ ഡൈവിങ്ങിന് ഒപ്പമുണ്ടായിരുന്നുവെങ്കിലും ഇവർ രക്ഷപ്പെട്ടു. മൂവരും ഒരുമിച്ച് കൈകോർത്തുപിടിച്ചാണ് ഡൈവിങ് നടത്തിയത്. അപായ സൂചന ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സംഘം മൂവരെയും കരയ്ക്കു കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ഐസക്കിന്റെ ജീവൻ രക്ഷിക്കാനായില്ല.