കാനഡയിൽ പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷ് (23) ഉൾപ്പെടെ രണ്ടുപേർ മരിച്ചു. കാനഡയിലെ മാനിടോബയിൽ സ്റ്റൈൻബാക് സൗത്ത് എയർപോർട്ടിന് സമീപം ചൊവ്വാഴ്ച രാവിലെ 8.45-നാണ് അപകടം സംഭവിച്ചത്. കൊമേഴ്സ്യൽ പൈലറ്റാകാനുള്ള പരിശീലനം നടത്തുന്നതിനിടെയാണ് ശ്രീഹരിക്ക് ദാരുണാന്ത്യമുണ്ടായത്.
റൺവേയിലേക്ക് പറന്നിറങ്ങി പൊടുന്നനെ വീണ്ടും പറന്നുയരുന്നതിനുള്ള (Touch-and-Go) പരിശീലനത്തിനിടെയാണ് അപകടമുണ്ടായതെന്ന് ഹാർവ്സ് എയർ പൈലറ്റ് ട്രെയ്നിങ് സ്കൂളിൻ്റെ പ്രസിഡൻ്റ് ആഡം പെന്നർ അറിയിച്ചു. ശ്രീഹരിയുടെയും സഹപാഠിയും കാനഡ സ്വദേശിനിയുമായ സാവന്നയുടെയും വിമാനങ്ങളാണ് ആകാശത്തുവച്ച് കൂട്ടിയിടിച്ചത്.
ശ്രീഹരി സുകേഷ് സ്വകാര്യ പൈലറ്റ് ലൈസൻസ് (PPL) നേടിയിരുന്നു. വാണിജ്യ ആവശ്യങ്ങൾക്കായി വിമാനങ്ങൾ പറത്താനുള്ള കൊമേഴ്സ്യൽ ലൈസൻസിനുള്ള (CPL) പരിശീലനത്തിലായിരുന്നു. സാവന്നയാകട്ടെ, സ്വകാര്യ പൈലറ്റ് ലൈസൻസിനായുള്ള പ്രാഥമിക പരിശീലനത്തിലായിരുന്നു. ശ്രീഹരി സുകേഷിൻറെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
കനേഡിയൻ ഗതാഗത സുരക്ഷ ബോർഡ് (TSB) അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.