വേനൽക്കാല താപനില വർധിക്കുകയും കൂടുതൽ കുടുംബങ്ങൾ ബീച്ചുകളിലേക്കും നീന്തൽക്കുളങ്ങളിലേക്കും പോകുന്നതിനാൽ, നീന്തുമ്പോൾ കുട്ടികളെ ശ്രദ്ധിക്കണമെന്ന് മാതാപിതാക്കളോട് അഭ്യർത്ഥിച്ച് റാസൽഖൈമ പോലീസ് പൊതുജന ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു.
‘നിങ്ങൾ കുട്ടികളിൽ നിന്ന് അകന്നു പോകരുത്’ (Don’t Look Away from Your Children )എന്ന മുദ്രാവാക്യവുമായി, മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ഈ കാമ്പയിൻ, കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യം, പ്രത്യേകിച്ച് വെള്ളത്തിന് സമീപം, പൊതുജനങ്ങളെ ഓർമ്മിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.
മുങ്ങിമരണമോ വീഴ്ചയോ പോലുള്ള ദാരുണമായ അപകടങ്ങൾ തടയാൻ പൊതു ബീച്ചുകളിലായാലും, ഹോം പൂളുകളിലായാലും, ഹോട്ടലുകളിലും റിസോർട്ടുകളിലും ഉള്ള സുരക്ഷാ നടപടികൾ പാലിക്കേണ്ടതിന്റെ ആവശ്യകത പോലീസ് ഊന്നിപ്പറഞ്ഞു.
അനുവദനീയമല്ലാത്ത സ്ഥലങ്ങളിലോ മേൽനോട്ടമില്ലാത്ത സ്ഥലങ്ങളിലോ കുട്ടികളെ നീന്താൻ അനുവദിക്കുന്നതിനെതിരെയും കാമ്പെയ്ൻ കുടുംബങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മാതാപിതാക്കൾ കുട്ടികളെ നീന്തൽ പഠിപ്പിക്കാനും, നിരന്തരമായ മേൽനോട്ടം നിലനിർത്താനും, വെള്ളത്തിൽ ഇറങ്ങുമ്പോൾ കുട്ടികൾ ലൈഫ് ജാക്കറ്റുകൾ ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഈ കാമ്പയിൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
കൂടാതെ, കുട്ടികൾക്കും മുതിർന്നവർക്കും രക്ഷാ ഉപകരണങ്ങളുടെയും CPR ഉൾപ്പെടെയുള്ള അടിസ്ഥാന പ്രഥമശുശ്രൂഷ പരിശീലനത്തിന്റെയും പ്രാധാന്യവും കാമ്പയിനിൽ എടുത്തുകാണിച്ചു.
സുരക്ഷിതവും ദുരന്തരഹിതവുമായ വേനൽക്കാലം ആസ്വദിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്ന അപകടകരമായ കടൽ തിരമാലകളെക്കുറിച്ച് നീന്തൽക്കാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.