ദുബായിൽ, ചാർട്ടേഡ്, ടൂറിസ്റ്റ്, അന്താരാഷ്ട്ര ബസ് മേഖലകളെ ലക്ഷ്യമിട്ടുള്ള ഒരു പ്രധാന കാമ്പെയ്‌നിന്റെ ഭാഗമായി, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി(RTA) നിയമലംഘന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടി ശക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 15,575 പരിശോധനകളാണ് അതോറിറ്റി നടത്തിയിരിക്കുന്നത് .
സുരക്ഷാ വീഴ്ചകൾ തിരിച്ചറിയുക, ശരിയായ ലൈസൻസിംഗ് ഉറപ്പാക്കുക, ഗതാഗത ഓപ്പറേറ്റർമാർക്കിടയിലെ ക്രമരഹിതമായ രീതികൾ തടയുക എന്നിവയാണ് ഈ കാമ്പെയ്‌നിലൂടെ ആർടിഎ ലക്ഷ്യമിടുന്നത്.
“നിയമലംഘകരെ പിടികൂടുക മാത്രമല്ല, ടൂറിസ്റ്റ്, ചാർട്ടേഡ് ഗതാഗത സേവനങ്ങളുടെ മൊത്തത്തിലുള്ള ഗുണനിലവാരവും വിശ്വാസ്യതയും ഉയർത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സുരക്ഷാ ചട്ടങ്ങളും ലൈസൻസിംഗ് ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ ഈ പരിശോധനകൾ നിർണായകമാണെന്ന് ആർടിഎയുടെ പൊതുഗതാഗത ഏജൻസിയിലെ പാസഞ്ചർ ഗതാഗത പ്രവർത്തന മോണിറ്ററിംഗ് ഡയറക്ടർ സയീദ് അൽ ബലൂഷി പറഞ്ഞു.
അതിർത്തി കടന്നുള്ള, അന്താരാഷ്ട്ര ഗതാഗത സേവനങ്ങളിലെ ദുരുപയോഗവും ക്രമക്കേടുകളും തടയുന്നതിനായി ദുബായ് പോലീസ്, ഹത്ത ബോർഡർ പോസ്റ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് എന്നിവയുൾപ്പെടെ മറ്റ് പ്രധാന അധികാരികളുമായി അടുത്ത ഏകോപനത്തോടെയാണ് ഈ കാമ്പയിൻ നടത്തിയത്.