അജ്മാൻ: സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ആരംഭിച്ച സംരംഭങ്ങളുടെ ഭാഗമായി, മുനിസിപ്പാലിറ്റിയും ആസൂത്രണ വകുപ്പും അജ്മാൻ പോലീസുമായി സഹകരിച്ച് അൽ ഹീലിയോ ഏരിയയിലെ നവീകരിച്ച ഷെയ്ഖ് സായിദ് സ്ട്രീറ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
2.8 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതി 63 മില്യൺ ദിർഹം ചെലവിൽ ആണ് പൂർത്തിയാക്കിയത്.
റോഡ് ഇരു ദിശകളിലേക്കും മൂന്ന് വരികളായി വികസിപ്പിക്കുക, പുതിയ മഴവെള്ള ഡ്രെയിനേജ് സംവിധാനം സ്ഥാപിക്കുക, തെരുവ് വിളക്കുകൾ ചേർക്കുക, നടപ്പാതകളും പാർക്കിംഗ് സ്ഥലങ്ങളും ക്രമീകരിക്കുക എന്നിവയാണ് പദ്ധതിയിൽ ഉൾപെട്ടിട്ടുള്ളതെന്ന് മുനിസിപ്പാലിറ്റിയിലെ അടിസ്ഥാന സൗകര്യ വികസന മേഖല എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എഞ്ചിനീയർ മുഹമ്മദ് അഹമ്മദ് ബിൻ ഒമൈർ അൽ മുഹൈരി പറഞ്ഞു.
അജ്മാൻ എമിറേറ്റിലെ വർദ്ധിച്ചുവരുന്ന ജനസംഖ്യയും നഗര വികാസവും കണക്കിലെടുത്ത് ഭരണാധികാരിയുടെ നേതൃത്വത്തിലും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനായ കിരീടാവകാശി ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ തുടർനടപടികളിലും അജ്മാൻ ഗവൺമെന്റ് നടത്തുന്ന തുടർച്ചയായ പ്രതിബദ്ധതയാണ് ഈ തന്ത്രപരമായ അടിസ്ഥാന സൗകര്യ വികസനം പ്രതിഫലിപ്പിക്കുന്നത്.