ഷാർജയിലെ അൽ മജാസ് 2 പ്രദേശത്തെ അപ്പാർട്ട്മെന്റിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തിൽ 46 കാരിയായ ഇന്ത്യൻ സ്വദേശിനി ദാരുണമായി മരിച്ചതായി അധികൃതർ ഇന്ന് സ്ഥിരീകരിച്ചു. തീപിടുത്തമുണ്ടായപ്പോൾ സ്ത്രീ അപ്പാർട്ട്മെന്റിൽ ഒരു പ്രത്യേക ചടങ്ങ് നടത്തുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവസ്ഥലത്ത് വെച്ച് തന്നെയാണോ, ചികിത്സയിലിരിക്കെയാണോ മ രണം സംഭവിച്ചതെന്നുള്ള കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
11 നിലകളുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്റെ എട്ടാം നിലയിലുള്ള ഒരു യൂണിറ്റിൽ വ്യാഴാഴ്ച രാത്രി 10:45 ഓടെയാണ് തീപിടുത്തമുണ്ടായത്. അടിയന്തര കോൾ ലഭിച്ചതിനെത്തുടർന്ന് സിവിൽ ഡിഫൻസ് ടീമുകളും പോലീസും നാഷണൽ ആംബുലൻസും വേഗത്തിൽ പ്രതികരിച്ചിരുന്നു. സ്ത്രീയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഭാഗ്യവശാൽ, തീ മറ്റ് യൂണിറ്റുകളിലേക്ക് പടർന്നില്ല. കെട്ടിടത്തിന്റെ ഓരോ നിലയിലും 12 അപ്പാർട്ട്മെന്റുകൾ ഉണ്ട്, എന്നാൽ മരിച്ച ഇന്ത്യൻ സ്വദേശിനിയുടെ യൂണിറ്റിന് മാത്രമേ തീപിടുത്തത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുള്ളൂ എന്നും അധികൃതർ സ്ഥിരീകരിച്ചു.
തീപിടിത്തത്തിന്റെ കൃത്യമായ കാരണവും സുരക്ഷാ ലംഘനങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.