ഇന്ത്യക്കാരുടെ പ്രതീക്ഷയുടെ ചിറകേറി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ (ഐഎസ്എസ്) വ്യോമസേനാ ഗ്രൂപ് ക്യാപ്റ്റൻ ശുഭാംശു ശുക്ല 18 ദിവസത്തെ ശൂന്യാകാശ വാസത്തിനുശേഷം ഇന്ന് തിങ്കളാഴ്‌ച ജന്മഗ്രഹമായ ഭൂമിയിലേക്ക് തിരിക്കും.
26 മണിക്കൂർ യാത്രയ്ക്കുശേഷം ചൊവ്വാഴ്‌ച വൈകീട്ട് മൂന്നോടെ പേടകം കാലിഫോർണിയാ തീരത്തിനടുത്ത് ശാന്തസമുദ്രത്തിൽ സ്‌പ്ലാഷ് ഡൗൺ ചെയ്യും. അതിനുശേഷം യാത്രികരെ പേടകത്തിൽനിന്ന് പുറത്തെത്തിച്ച് ബോട്ടുകളിൽ പുനരധിവാസകേന്ദ്രത്തിലേക്ക് കൊണ്ടുപോകും. ഭൂഗുരുത്വവുമായി പൊരുത്തപ്പെടുന്നതിനായി ഏഴുദിവസം ശുക്ല അവിടെയായിരിക്കും.
ശുഭാംശുവാണ് മിഷൻ പൈലറ്റ്. മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ (യുഎസ്), മിഷൻ സ്പെഷ്യലിസ്റ്റുകളായ സ്ലാവോസ് ഉസ്‌നൻസ്‌കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണ് ആക്‌സിയം-4 ദൗത്യത്തിലെ മറ്റ് അംഗങ്ങൾ.
ആക്സിയം 4 അണ്‍ഡോക്കിംഗ് പ്രക്രിയ നാസ+ന് പുറമെ ആക്സിയം സ്പേസും സ്പേസ് എക്‌സും വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വഴി ലൈവ് സ്ട്രീം ചെയ്യും. അണ്‍ഡോക്കിംഗ് നടന്ന് 30 മിനിറ്റുകള്‍ക്ക് ശേഷം നാസ+ന്‍റെ കവറേജ് അവസാനിക്കും. ഇതിന് ശേഷം ഗ്രേസ് ഡ്രാഗണ്‍ പേടകത്തിന്‍റെ റീഎന്‍ട്രി മുതല്‍ സ്‌പ്ലാഷ്‌ഡൗണ്‍ വരെ ആക്സിയം സ്പേസായിരിക്കും കമ്പനിയുടെ വെബ്‌സൈറ്റ് വഴി ലൈവ് സ്‌ട്രീമിംഗ് ചെയ്യുക.