യുഎഇയിൽ കടുത്ത ചൂട് തുടരുമെന്നും കിഴക്കൻ പ്രദേശങ്ങളിൽ, ശനിയാഴ്ച വരെ മഴ പെയ്യാനുള്ള സാധ്യത തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) ഇന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. ഷാർജയിലും റാസൽഖൈമയിലും ഇന്നലെ ഉച്ചകഴിഞ്ഞ് മുതൽ വൈകുന്നേരം വരെ നേരിയ മഴ രേഖപ്പെടുത്തിയിരുന്നു.
ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും, ഉച്ചകഴിഞ്ഞ് സംവഹന മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും, രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ പ്രാദേശികമായി മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനം പറയുന്നു.
ഇന്ന് താപനില ഉയർന്ന നിലയിൽ തുടരും, ഉൾപ്രദേശങ്ങളിൽ 44°C മുതൽ 49°C വരെ താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. തീരദേശങ്ങളിലും ദ്വീപുകളിലും 39°C മുതൽ 45°C വരെ താപനില ഉയരും, പർവതപ്രദേശങ്ങളിൽ 33°C മുതൽ 39°C വരെ താപനില ഉയരും.
ദുബായിലെ സൈഹ് അൽ സലാമിൽ ഇന്നലെ ഉച്ചയ്ക്ക് 1:45 ന് രേഖപ്പെടുത്തിയ 49.8°C ആണ് ഇന്നലത്തെ ഏറ്റവും ഉയർന്ന താപനിലയെന്ന് NCM അറിയിച്ചു.