ആഫ്രിക്ക, കരീബിയ എന്നിവിടങ്ങളിലെ ചെറിയ രാജ്യങ്ങൾക്കും പത്ത് ശതമാനത്തിൽ കൂടുതൽ തീരുവ ചുമത്തുമെന്ന് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ രാജ്യങ്ങൾക്കും താരിഫ് ഏർപ്പെടുത്താൻ സാധ്യതയുണ്ട്. കുറഞ്ഞത് 100 രാജ്യങ്ങളിലെങ്കിലും പത്ത് ശതമാനത്തിൽ കൂടുതൽ തീരുവ ചുമത്തുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
ചെറിയ രാജ്യങ്ങൾക്ക് തീരുവ ചുമത്തുന്നതിനായുളള ഫെഡറൽ ഗവൺമെന്റിന്റെ പദ്ധതിയെക്കുറിച്ച് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നികും വിശദീകരിച്ചു. പത്ത് ശതമാനം തീരുവ ചുമത്താനുള്ള പദ്ധതി ആഫ്രിക്കയിലെയും കരീബിയനിലെയും രാജ്യങ്ങളെ കേന്ദ്രീകരിച്ചായിരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആഫ്രിക്കയും കരീബിയയും മിതമായ തോതിലാണ് അമേരിക്കയുമായി വ്യാപാരം നടത്തുന്നത്. കൂടാതെ വ്യാപാര സന്തുലിതാവസ്ഥയിൽ രാജ്യങ്ങൾ നൽകുന്ന സംഭാവന മറ്റ് രാജ്യങ്ങളെ വെച്ച് നോക്കുമ്പോൾ താരതമ്യേന കുറവുമാണെന്ന് യുഎസ് വാണിജ്യ സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചു.