പാലക്കാട്: ചങ്ങലീരിയിൽ നിപ ബാധിച്ചുമരിച്ച വ്യക്തിയുടെ മകനും രോഗം സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവായത്. മരിച്ച വ്യക്തിയോടൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നത് 32 കാരനായ മകനാണ്.
നിപ ലക്ഷണങ്ങളോടെ കഴിഞ്ഞദിവസം മരിച്ച കുമരംപുത്തൂർ സ്വദേശിയുടെ സമ്പർക്കപ്പട്ടികയിൽ 106 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. അതിൽ 31 പേർ ഹൈ റിസ്ക് വിഭാഗത്തിലും 75 പേർ ലോ റിസ്‌ക് വിഭാഗത്തിലുമാണ്. പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ അഞ്ചുപേരാണ് നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ടീം പ്രദേശത്തുനിന്ന് 160 വവ്വാലുകളുടെ സാംപിളുകൾ ശേഖരിക്കുകയും പരിശോധനയ്ക്കായി പുണെയിലേക്ക് അയക്കുകയും ചെയ്‌തിട്ടുണ്ട്. സംഘം ചൊവ്വാഴ്ച അഗളിയിലുള്ള കള്ളമല സന്ദർശിച്ചിരുന്നു.