ദുബായിലെ ജബൽ അലിയിലെ ഒരു വില്ലയിൽ അതിക്രമിച്ചു കയറി പണം, സ്വർണ്ണാഭരണങ്ങൾ, വിലപിടിപ്പുള്ള വാച്ചുകൾ, മറ്റ് വ്യക്തിഗത വസ്തുക്കൾ എന്നിവ അടങ്ങിയ സേഫ് മോഷ്ടിച്ചതിന് മധ്യേഷ്യൻ രാജ്യത്ത് നിന്നുള്ള അഞ്ച് പുരുഷന്മാർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ചതിന് ശേഷം ഇവരെ നാടുകടത്തുകയും ചെയ്യും.
വീട്ടുടമസ്ഥർ വിദേശയാത്ര നടത്തിയതിന് പിന്നാലെ വിസിറ്റ് വിസയിൽ രാജ്യത്ത് പ്രവേശിച്ചാണ് പ്രതികൾ വില്ല കൊള്ളയടിച്ചത്. മാർച്ച് മാസത്തിലാണ് സംഭവം നടന്നത്. ഒരു യൂറോപ്യൻ സ്ത്രീ തന്റെ കുടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ തന്റെ വില്ലയുടെ മുൻവാതിൽ തുറന്ന നിലയിലും വീട്ടിലെ സാധനങ്ങൾ അലങ്കോലമായി കിടക്കുന്നതായും കണ്ടപ്പോൾ പോലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു.
തുടർന്ന് വില്ലയിലുണ്ടായിരുന്ന വിദേശ കറൻസികൾ, സ്വർണ്ണാഭരണങ്ങൾ, വിലകൂടിയ വാച്ചുകൾ, വ്യക്തിഗത രേഖകൾ എന്നിവ അടങ്ങിയ ഒരു സേഫ് മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി. ഭർത്താവ് ഒപ്പ് ഇട്ട് വെച്ച ചെക്കുകളും 10 പഴയ മൊബൈൽ ഫോണുകളും മോഷ്ടാക്കൾ കൊണ്ടുപോയിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിൽ നിരീക്ഷണ ദൃശ്യങ്ങളുടെയും വാടക വാഹന രേഖകളുടെയും അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിയാൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന് കഴിഞ്ഞു.
കുറ്റകൃത്യത്തിന് ഉപയോഗിച്ച കാർ പ്രതികളിൽ ഒരാൾ വാടകയ്ക്ക് എടുത്തതാണെന്നും, സംഘം മറ്റൊരു ദുബായിലെ വാടക അപ്പാർട്ട്മെന്റിലേക്ക് എത്തിയതായും അന്വേഷണവിഭാഗം കണ്ടെത്തി.
തുടർന്ന് ഈ സംഘത്തെ അറസ്റ്റ് ചെയ്യുകയും അവരുടെ കൈവശമുണ്ടായിരുന്ന മോഷ്ടിച്ച വസ്തുക്കൾ വീണ്ടെടുക്കുകയും ചെയ്തു. കോടതി മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിക്കുകയും ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം അഞ്ച് പ്രതികളെയും നാടുകടത്താൻ ഉത്തരവിടുകയും ചെയ്തു.