ദുബായിൽ പോലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി 45,000 ദിർഹം കൊള്ളയടിക്കാൻ ശ്രമിച്ചയാൾക്ക് തടവ് ശിക്ഷ വിധിച്ചു.
45 കാരനായ ഒരു ഗൾഫ് പൗരൻ ദുബായ് നായിഫ് പ്രദേശത്തെ ഒരു കറൻസി എക്സ്ചേഞ്ചിന് സമീപത്ത് നിൽക്കുമ്പോൾ പോലീസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേന ഒരാളും സംഘവും ഒരു വാഹനത്തിൽ നിന്ന് ഇറങ്ങി തന്നെ അറസ്റ്റ് ചെയ്യാൻ പോകുകയാണെന്നും കയ്യിലുള്ള പണമടങ്ങിയ ബാഗ് കൈക്കലാക്കാനും ശ്രമിക്കുകയായിരുന്നു.
45,000 ദിർഹം യുഎസ് ഡോളറാക്കി മാറ്റാൻ കറൻസി എക്സ്ചേഞ്ചിൽ പോയപ്പോൾ, റേറ്റ് കുറവായ കാരണം തീരുമാനം മാറ്റി പുറത്തിറങ്ങിയപ്പോഴാണ് സംഭവമുണ്ടായത്.
ബാഗ് കൈക്കലാക്കാൻ ശ്രമിച്ചപ്പോൾ താൻ എതിർക്കുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്തുവെന്ന് പരാതിക്കാരൻ പോലീസിനോട്. ഒടുവിൽ ജനക്കൂട്ടം അവിടെ തടിച്ചുകൂടിയപ്പോൾ സംഘത്തിലെ രണ്ട് പുരുഷന്മാർ പോലീസ് ബാഡ്ജ് പോലെ തോന്നിക്കുന്ന ഒന്ന് ജനക്കൂട്ടത്തെ കാണിച്ചു. പക്ഷേ പരാതിക്കാരനും സമീപത്തുണ്ടായിരുന്നവരും അവരെ സംശയിച്ച് എതിർത്തപ്പോൾ അവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ദുബായ് പോലീസ് അന്വേഷണം ആരംഭിക്കുകയും സംഘത്തിന്റെ വാഹനം കണ്ടെത്തുകയും ചെയ്തു. ഒരു കുട്ടിയുടെ പേരിലാണ് സംഘം വന്ന കാർ രജിസ്റ്റർ ചെയ്തതെങ്കിലും, പ്രതിയുടെ സഹോദരന്റെ കൈവശമാണ് കാർ എന്ന് കണ്ടെത്തിയതോടെ പ്രതിയെ വേഗത്തിൽ കണ്ടെത്താനായി.
ഈ കവർച്ച ശ്രമം നിഷേധിച്ച പ്രതി, പരാതിക്കാരൻ തനിക്ക് പണം നൽകാനുള്ളതുകൊണ്ടാണ് ബാഗ് കൈക്കലാക്കാൻ ശ്രമിച്ചതെന്ന് കോടതിയിൽ പറഞ്ഞു. തുടർന്ന് ഇത് വിശ്വാസത്തിൽ എടുക്കാതെ കോടതി ഇയാൾക്കെതിരെ മോഷണശ്രമം, പോലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം എന്നിവയ്ക്ക് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു.