ദുബായിലെ മലയാളി ഡോക്ടർ അൻവർ സാദത്തിന്റെ വിയോഗം വിശ്വസിക്കാനാകാതെ പ്രവാസി മലയാളികൾ.
വ്യായാമത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ദുബായിലെ മെഡ്കെയർ ഓർത്തോപെഡിക്സ് ആൻഡ് സ്പൈൻ ഹോസ്പിറ്റലിലെ പ്രശസ്ത ഓർത്തോപെഡിക് സർജൻ ഡോ. അൻവർ സാദത്ത് (49) ഇന്നലെ വെള്ളിയാഴ്ചയാണ് മരണമടഞ്ഞത്. ഇന്നലെ രാവിലെ പതിവ് വ്യായാമത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
സ്പോർട്സ് പരിക്കുകൾ ചികിത്സിക്കുന്നതിലും, മുതിർന്നവരുടെ ട്രോമ ശസ്ത്രക്രിയയിലും, ഒടിവ് പരിചരണത്തിലും 18 വർഷത്തെ പരിചയ സമ്പത്തുള്ള ഡോ. അൻവർ സാദത്ത് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിച്ചു വരികയായിരുന്നു.
ഫിറ്റ്നസും, ഊർജ്ജസ്വലതയും എല്ലാം ഉണ്ടായിരുന്ന ഡോക്ടറുടെ ഇത്തരത്തിലുള്ള വിയോഗം പലർക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല. ഒരു മെഡിക്കൽ പ്രൊഫഷണലിനേക്കാൾ വളരെ ഉയർന്ന വ്യക്തിത്വമുള്ള ഡോക്ടറുടെ കഥകൾ പങ്കുവെച്ചുകൊണ്ട് നൂറുകണക്കിന് ആളുകൾ സോഷ്യൽ മീഡിയയിൽ ദുഃഖം രേഖപ്പെടുത്തി.
പി.കെ മുഹമ്മദിന്റെയും പി.എ ഉമ്മുകുൽസുവിന്റെയും മകനാണ്. ഭാര്യ ജിഷ ബഷീർ, മക്കൾ മുഹമ്മദ് ആഷിർ, മുഹമ്മദ് ഇർഫാൻ അൻവർ, ആയിഷ അൻവർ.
മൃതദേഹം ദുബായിൽ കബറടക്കും.