ഗസ്സയിലെ ഏക കത്തോലിക്കാ ദേവാലയത്തിന് നേരെയുണ്ടായ ആക്രമണം ഇസ്രായേലിന് പറ്റിയ അബദ്ധമാണെന്നും ക്ഷമചോദിച്ചും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും ലിയോ പതിനാലാമൻ മാർപാപ്പയുമായും നടത്തിയ ഫോൺ സംഭാഷണത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഗസ്സയിൽ അടിയന്തരമായി സഹായമെത്തിക്കണമെന്നും ഉടൻ വെടിനിർത്തൽ വേണമെന്നും മാർപാപ്പ, നെതന്യാഹുവിനോട് ആവശ്യപ്പെട്ടെന്ന് വത്തിക്കാൻ അറിയിച്ചു.
ഏക കത്തോലിക് പള്ളിയായ ഹോളി ഫാമിലി ചർച്ചിന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ച്‌ചയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഫലസ്‌തീനിലെ ഇസ്രായേൽ ആക്രമണങ്ങളെക്കുറിച്ച് അന്തരിച്ച പോപ് ഫ്രാൻസിസ് മാർപ്പാപ്പയെ അറിയിച്ചു കൊണ്ടിരുന്ന ഇടവക വികാരിയായ ഫാദർ ഗബ്രിയേലെ റോമനെല്ലിക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.