അമിതവേഗത്തിൽ വന്ന വാഹനം റെഡ് സിഗ്നൽ തെറ്റിച്ച് നേർക്ക് വന്നതിനെത്തുടർന്ന് മാനസികാഘാതമേറ്റ ഏഴു വയസുകാരനെ വീട്ടിലെത്തി ആശ്വസിപ്പിച്ച് വിനോദയാത്രയ്ക്ക് കൊണ്ടുപോയി മാനസിക പിന്തുണ നൽകി ഷാർജ പോലീസ്.
ഖോർ ഫക്കാനിൽ കാൽനടപ്പാതയിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ഏഴു വയസുകാരനായ ഒരു ആൺകുട്ടിയുടെ നേർക്ക് റെഡ് സിഗ്നൽ തെറ്റിച്ച് അമിതവേഗത്തിൽ ഒരു വാഹനം കുതിച്ചെത്തിയത്.
സംഭവത്തിൽ കുട്ടിക്ക് പരിക്കുണ്ടായില്ലെങ്കിലും കടുത്ത ഭയവും മാനസിക ക്ലേശവും അനുഭവിച്ചിരുന്നതായി ഷാർജ പോലീസ് പറഞ്ഞു. കുട്ടി വീട് വിട്ട് പോകാൻ വരെ വിസമ്മതിച്ചിരുന്നെന്നും പോലീസ് പറഞ്ഞു.
കുട്ടിയെ പിന്തുണയ്ക്കുന്നതിനൊപ്പം, അപകടകരമായ രീതിയിൽ ചുവപ്പ് സിഗ്നൽ മറികടന്ന് ഗതാഗത നിയമങ്ങൾ ലംഘിച്ച വാഹനമോടിച്ച യാൾക്കെതിരെ ഷാർജ പോലീസ് നിയമനടപടി സ്വീകരിച്ചു. വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടി. ഇത്തരം അശ്രദ്ധമായ പെരുമാറ്റത്തിന്റെ പ്രത്യാഘാതങ്ങൾ, ശാരീരിക ഉപദ്രവത്തിനുള്ള സാധ്യത മാത്രമല്ല, ദുർബലരായ വ്യക്തികളിൽ മാനസിക പ്രത്യാഘാതങ്ങളും ഉണ്ടാക്കുമെന്ന് പോലീസ് പറഞ്ഞു.