നിമിഷപ്രിയ കേസിൽ സാമുവൽ ജെറോമിനെതിരെ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന് ഫത്താഹ് അബ്ദുള്‍ മഹ്ദി. സാമുവലിനെതിരെ മഹ്ദി ഗുരുതര ആരോപണങ്ങളാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചിട്ടുള്ളത്.
കേസിലെ അഭിഭാഷകൻ എന്ന പേരിലായിരുന്നു സാമുവൽ ജെറോം മലയാളം മാധ്യമങ്ങളിലും ബിബിസി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലും നിറഞ്ഞു നിന്നത്. എന്നാൽ സാമുവൽ ജെറോം അഭിഭാഷകൻ അല്ലെന്നും പ്രതിയുടെ കുടുംബത്തിൻ്റെ യമനിലെ പ്രതിനിധിയായി പവർ ഓഫ് അറ്റോർണി ഉള്ള ആൾ മാത്രമാണെന്നും മഹ്ദി പറയുന്നു. മാത്രമല്ല, സാമുവൽ ഈ കേസിൽ ഇതുവരെ കാര്യമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും, ഇന്നേവരെ ഒരു മധ്യസ്ഥ ചർച്ചക്ക് ഞങ്ങളെ ബന്ധപ്പെടുകയോ വിളിക്കുകയോ ഒരു ടെക്സ്റ്റ് മെസ്സേജ് പോലും ഉണ്ടായിട്ടില്ലെന്നും മഹ്ദി പറയുന്നു.
പ്രസിഡന്റ് വധശിക്ഷ വിധി അംഗീകരിച്ച ശേഷമാണ് സനയിൽ വച്ച് ആദ്യമായി സാമുവലിനെ കാണുന്നതെന്നും അപ്പോൾ സന്തോഷവാനായ എന്നോട് അദ്ദേഹം ‘അഭിനന്ദനങ്ങൾ’ പറഞ്ഞു എന്നുമാണ് മഹ്ദി ആരോപിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് സാമൂവൽ ഉന്നയിക്കുന്ന മറ്റെല്ലാ അവകാശവാദങ്ങളും കളവാണെന്നും മധ്യസ്ഥ ചർച്ചയ്ക്ക് എന്ന പേരിൽ അവസാനം കൈപ്പറ്റിയ നാല്പത്തിനായിരം ഡോളർ ഉൾപ്പെടെ അനേകം പണം സാമുവൽ കരസ്ഥമാക്കിയിട്ടുണ്ടെന്നും തൻ്റെ സഹോദരൻ്റെ രക്തത്തിൽ വ്യാപാരം നടത്തുകയാണെന്നും മഹ്ദി ആരോപിക്കുന്നുണ്ട്.