വി എസ് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിലെത്തി. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്ത് എത്തിയത്. നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. കനത്ത മഴയെ പോലും അവഗണിച്ച് സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകളാണ് പ്രിയസഖാവിനെ ഒരുനോക്കുകാണാനായി വഴിനീളെ കാത്തുനിന്നത്.
ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്കാണ് വി എസിന്റെ ഭൗതികശരീരം കൊണ്ടുപോകുന്നത്. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം. പിന്നീട് വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും. സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും.