ഷാർജയിൽ ആത്‍മഹത്യ ചെയ്ത കൊല്ലം കുണ്ടറ കേരളപുരം സ്വദേശി വിപഞ്ചിക മണിയൻ്റെ (33) സംസ്കാരം പൂർത്തിയായി. ഇന്നലെ രാത്രി പതിനൊന്നോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ഇന്നു വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മാതൃസഹോദരന്റെ വീടായ കേരളപുരം പൂട്ടാണിമുക്ക് സൗപർണികയിലാണ് സംസ്കരിച്ചത്.
വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ജൂലൈ പതിനേഴിന് ദുബായിൽ സംസ്ക്കരിച്ചിരുന്നു. ഈമാസം ഒൻപതിനാണ് കൊല്ലം ചന്ദനത്തോപ്പ് സ്വദേശി വിപഞ്ചിക, മകൾ വൈഭവി എന്നിവരെ ഷാർജയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വിപഞ്ചികയുടെ ശരീരത്തിൽ ക്ഷതമേറ്റ നിരവധി അടയാളങ്ങലുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ദുബായിൽ നിന്നും മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ച് വീണ്ടും പോസ്‌റ്റ് മോർട്ടം ചെയ്ത സമയത്താണ് പരുക്ക് കണ്ടെത്തിയത്. അതേസമയം വിപഞ്ചികയുടെ ഭർത്താവ് നിതീഷിനെ നാട്ടിലെത്തിക്കാൻ റെഡ് കോർണർ നോട്ടിസിറക്കുമെന്നും ശാസ്താംകോട്ട ഡി വൈ എസ് പി പറഞ്ഞു.