സാങ്കേതിക തകരാറിനെത്തുടർന്ന് അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി. ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിൽ നിന്ന് പുകയും തീയും ഉയരുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിൽ ഉണ്ടായിരുന്ന 173 യാത്രക്കാരും ആറ് ജീവനക്കാരും സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചു.
ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മിയാമിയിലേക്ക് പറന്നുയരാൻ ഒരുങ്ങവേ ബോയിങ് 737 മാക്സ് 8 വിമാനത്തിൻ്റെ ലാൻഡിങ് ഗിയർ തകരാറിലാവുകയായിരുന്നു. തുടർന്ന് പുകയും തീയും വിമാനത്തിൽ ഉയർന്നു. പരിഭ്രാന്തരായ യാത്രക്കാർ വിമാനത്തിൽ നിന്ന് താഴേക്ക് ഇറങ്ങുന്നതിന്റേയും റൺവേയിൽ നിന്ന് ഓടിയകലുന്നതിൻ്റേയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.