ഷാർജയിലേക്കുള്ള ദിശയിൽ അൽ ഖിയാദ ടണലിന് സമീപം അൽ ഇത്തിഹാദ് റോഡിലെ ലെയ്‌നുകൾ അപകടകരമായി മുറിച്ചുകടന്ന് സ്വന്തം ജീവനും മറ്റ് വാഹനമോടിക്കുന്നവരുടെ ജീവനും അപകടത്തിലാക്കുന്ന തരത്തിൽ വാഹനമോടിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ ദുബായ് പോലീസ് ഡ്രൈവറുടെ വാഹനം പിടിച്ചെടുത്ത് 50,000 ദിർഹം പിഴ ചുമത്തി. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് റോഡിൽ ഭയാനകമായ ഈ സംഭവം നടന്നത്.
വീഡിയോയിൽ, വലത്തുനിന്ന് ഇടത്തോട്ട് ക്രമരഹിതമായി തിരിക്കുകയും, മറ്റ് വാഹനങ്ങളുമായും ഒരു ബാരിയറിൽ കൂട്ടിയിടിക്കുന്നതായി കാണിക്കുകയും ചെയ്യുന്നുണ്ട്. അശ്രദ്ധവും അസ്വസ്ഥത ഉളവാക്കുന്നതുമായ പെരുമാറ്റമായിരുന്നു ഡ്രൈവറുടെതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ഡ്രൈവറെ പെട്ടെന്ന് തിരിച്ചറിഞ്ഞതായും വാഹനം ഉടൻ തന്നെ കസ്റ്റഡിയിലെടുത്തതായും ദുബായ് പോലീസിന്റെ ട്രാഫിക് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു.