കണ്ണൂർ ഇരിട്ടി സ്വദേശി ദുബായ് എയർപോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ ഇരിട്ടി കുന്നോത്ത് മൂസാൻ പീടികയിലെ നവശ്രീയിൽ ഇ.പി.ബാലകൃഷ്ണൻ (68) ആണ് മരിച്ചത്. നാട്ടിൽ നിന്നും ദുബായ് എയർപോർട്ടിൽ എത്തിയയുടൻ കുഴഞ്ഞു വീഴുകയായിരുന്നു.
ബാലകൃഷ്ണൻ കുടുംബസമേതം വർഷങ്ങളായി ദുബായിലായിരുന്നു താമസം. ഒരാഴ്ച മുമ്പ് നാട്ടിലേക്ക് പോയിരുന്നു. ഇന്നലെ പുലർച്ചെയെത്തി ദുബായ് എയർപോർട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. എയർപോർട്ട് അധികൃതർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.
സാധാരണ എയർപോർട്ടിൽ എത്തിയാൽ മകനെ വിളിച്ച് കാറുമായി വരാൻ പറയുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ എത്തുന്ന സമയം കഴിഞ്ഞിട്ടും വിളി വരാത്തതിൽ സംശയം തോന്നിയ മകൻ അച്ഛന്റെ ഫോണിലേക്ക് വിളിച്ചപ്പോൾ ഒരു പോലീസുകാരൻ ഫോൺ എടുക്കുകയും ഉടനെ ആശുപത്രിയിൽ എത്താൻ പറയുകയുമായിരുന്നു.
ചാവശ്ശേരിയിലെ പരേതരായ പൂങ്കാൻ കുഞ്ഞപ്പ നായരുടെയും കുഞ്ഞുക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: പുഷ്പലത. മക്കൾ: ജിജേഷ്, സനീഷ്. മരുമക്കൾ: വീണ, വൃന്ദ . സഹോദരങ്ങൾ: ചന്ദ്രൻ (മുരിങ്ങോടി), വിശ്വൻ, ഗൗരി, പരേതയായ ഓമന.
നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് കുടുംബം.