കുവൈത്തിൽ മദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. വ്യാഴാഴ്‌ച വരെ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ എണ്ണം 160 ആയി ഉയർന്നതായും കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിലായിരുന്നു.
ആശുപത്രിയിലുള്ള പലർക്കും അപകട തീവ്രത കാരണം വെൻ്റിലേറ്ററുകളും അടിയന്തര വൃക്ക ഡയാലിസിസും ആവശ്യമായി വന്നു. മരിച്ചവരെല്ലാം ഏഷ്യൻ സ്വദേശികളാണ്.
അതേസമയം കണ്ണൂര്‍ സ്വദേശിയായ ഒരു യുവാവ് മരിച്ചതായി കുടുംബാംഗങ്ങള്‍ക്ക് വിവരം ലഭിച്ചു. കണ്ണൂര്‍ ഇരിണാവ് സ്വദേശി പി സച്ചിന്‍ ആണ് മരിച്ചത്. 31 വയസായിരുന്നു. പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന സച്ചിൻ നാലു വർഷം മുൻപാണ് കുവൈത്തിലെത്തിയത്.മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങൾ തുടങ്ങിയതായി ബന്ധുക്കൾ പറഞ്ഞു. മരിച്ചവരിൽ ആറുപേര്‍ മലയാളികളാണെന്നാണ് അനൗദ്യോഗിക വിവരം.
കുവൈത്ത് വിഷ നിയന്ത്രണ കേന്ദ്രവുമായി ഏകോപിപ്പിച്ച് എല്ലാ കേസുകളും 24 മണിക്കൂറും സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിഷബാധയേറ്റതായി സംശയിക്കുന്ന കേസുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര ഹോട്ട്‌ലൈനുകളിലൂടെയോ, നേരിട്ടോ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ദ്രുത ഇടപെടൽ ഉണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.