റേഡിയോ കേരളം 1476 എ.എം’, നാളെ (ആഗസ്റ്റ് 17 / ചിങ്ങം 1) വിജയകരമായ മൂന്ന് പ്രക്ഷേപണ വർഷങ്ങൾ പൂർത്തിയാക്കുന്നു. ഈ വേളയിൽ ശ്രോതാക്കളുടെ അഭ്യർത്ഥന മാനിച്ച് റേഡിയോ കേരളം അടിമുടി മാറുകയാണ്. നാളെ യു.എ.ഇ സമയം രാവിലെ 7 മുതൽ രാത്രി 10 വരെ നീളുന്ന വാർഷികാഘോഷ പ്രക്ഷേപണത്തോടെ മാറ്റം പ്രാബല്യത്തിൽ വരും. ‘The True AM Station’ എന്ന ടാഗ്ലൈനാണ് ഒരു സവിശേഷത. യഥാർത്ഥ AM റേഡിയോ എന്നും, യാഥാർത്ഥ്യം പറയുന്ന AM റേഡിയോ എന്നും ഇത് അർത്ഥമാക്കുന്നു.
വാർഷിക പ്രക്ഷേപണത്തിൽ നിരവധി പരിപാടികളാണ് റേഡിയോ കേരളം ഒരുക്കിയിട്ടുള്ളത്. നേരിട്ടും വീഡിയോ മുഖേനയും നിരവധി പ്രമുഖർ ആഘോഷപരിപാടികളുടെ ഭാഗമാകും. വാർത്താധിഷ്ഠിത വിഷയങ്ങളിൽ ലഘുചർച്ചകൾ ഉണ്ടായിരിക്കും. യു.എ.ഇ സമയം വൈകുന്നേരം 5ന് ‘പ്രവാസിയുടെ മൃതദേഹം കൊള്ളമുതലോ?’ എന്ന വിഷയത്തിൽ ‘പ്രതിധ്വനി’ ചർച്ചയും, വൈകുന്നേരം 6ന് നോർക്ക സി.ഇ.ഒ അജിത് കോളശ്ശേരി അതിഥിയായെത്തുന്ന ‘നോർക്കയും പ്രവാസികളും’ എന്ന പ്രത്യേക പരിപാടിയും, രാത്രി 7ന് ‘പ്രവാസി വനിതകളും ഗാർഗിക പീഡനവും’ എന്ന വിഷയത്തിൽ പ്രത്യേക ചർച്ചയും ഉണ്ട്. രാത്രി 8 മുതൽ 10 വരെ പ്രശസ്ത സംഗീതജ്ഞ കാർത്തിക വൈദ്യനാഥൻ അവതരിപ്പിക്കുന്ന ‘ഗസൽരാവ്’ ഉണ്ടായിരിക്കും. ഒപ്പം തംബോല അടക്കമുള്ള ആകർഷക മത്സരങ്ങളും, കൈ നിറയെ സമ്മാനങ്ങളും ഉറപ്പാക്കും. വിജയികളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് ഭാഗ്യശാലികൾക്ക് പ്രവാസി പെൻഷൻ പദ്ധതിയിലേക്കുള്ള 5 വർഷത്തെ അംശാദായം (60 മാസത്തെ അടവുതുക) സമ്മാനമായി നൽകും.
നാളെ മുതൽ ദിവസേന 10 മിനുട്ട് ദൈർഘ്യമുള്ള 17 ന്യൂസ് ബുള്ളറ്റിനുകൾക്കു പുറമേ എല്ലാ അരമണിക്കൂറിലും ഷോർട്ട് ന്യൂസ് ബുള്ളറ്റിനുകളും ഉണ്ടായിരിക്കും. ഇതോടെ ദിവസേന 34 ന്യൂസ് ബുള്ളറ്റിനുകൾ പ്രക്ഷേപണം ചെയ്യുന്ന ഒരേയൊരു മലയാളം വാർത്താധിഷ്ഠിത റേഡിയോ ആയി റേഡിയോ കേരളം 1476 എ.എം മാറുകയാണ്. Main News Bulletins റേഡിയോ കേരളത്തിൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ തത്സമയം സംപ്രേഷണം ചെയ്യും.
ഇതുകൂടാതെ News on demand, Talk Shows, Socio-Political Debates, Explainers, Pravasi Help Desk, Chit Chat എന്നിവയ്ക്കൊപ്പം ഇഷ്ടഗാനങ്ങളും റേഡിയോ കേരളം പ്രക്ഷേപണം ചെയ്യും. Gulf Morning, Let’s Celebrate, DRK On Demand, KL 1476 എന്നീ ജനപ്രിയ പരിപാടികളിൽ കൂടുതൽ പുതുമകൾ പ്രതീക്ഷിക്കാം. Radio Keralam Multi Utility App മുഖേന Listeners’ Clubൽ അംഗമാകുന്ന ശ്രോതാക്കൾക്ക് ഇനി Reward Pointsനൊപ്പം Pravasi Welfareമായി ബന്ധപ്പെട്ട ഒട്ടനവധി സേവനങ്ങൾ കൂടി ലഭ്യമാകും.
ഗൾഫ് മലയാളികൾ ഒരു തൊഴിൽ സമൂഹമായതിനാൽ ടിവി, പത്രം, സോഷ്യൽ മീഡിയ എന്നിവ കൃത്യമായി ഫോളോ ചെയ്യാൻ കഴിയണമെന്നില്ല. അതിനാൽ ഏത് സുപ്രധാന വാർത്തയും ഏത് നിമിഷവും റേഡിയോ കേരളത്തിൽ ഇനി ബ്രേക്കിംഗ് ന്യൂസ് ആയി നൽകും. വിവിധ വാർത്തകളുമായി ബന്ധപ്പെടുത്തി കൂടുതൽ സംവാദങ്ങളും പ്രവാസിക്ഷേമ പ്രതിബദ്ധതയോടുകൂടിയ ഇടപെടലും ഞങ്ങൾ ഉറപ്പുതരുന്നു.
ശ്രോതാക്കളുമായി നിരന്തരം സംവദിക്കുന്ന തലത്തിലേക്ക് റേഡിയോ കേരളം മാറുമ്പോൾ, ഗൾഫ് മലയാളി സമൂഹത്തിൻ്റെ പരിപൂർണ്ണ പിന്തുണ ഞങ്ങൾ പ്രതീക്ഷിക്കുന്നു.