അധ്യയന വർഷാരംഭത്തിന് മുന്നോടിയായി സ്‌കൂൾ ബസുകൾ സുരക്ഷാ മുന്നൊരുക്കം പൂർത്തിയാക്കണമെന്ന് ദുബായ് റോഡ് ഗതാഗത അതോറിറ്റി നിർദ്ദേശിച്ചു. സുരക്ഷിതവും വിജയകരവുമായ പഠനാന്തരീക്ഷം ഉറപ്പാക്കാൻ എല്ലാ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്ന് എല്ലാ സ്‌കൂൾ ബസ് ഓപറേറ്റർമാരോടും അധികൃതർ ആവശ്യപ്പെട്ടു.
വിദ്യാർഥികൾ, ഡ്രൈവർമാർ, സൂപ്പർവൈസർമാർ എന്നിവർക്കെല്ലാം മികച്ച അന്തരീക്ഷം ഒരുക്കാൻ ബ സ് ഓപറേറ്റർമാരും അഡ്‌മിനിസ്ട്രേഷനും ശ്രദ്ധിക്കണം. സുരക്ഷാ മാനദണ്ഡം പാലിക്കുന്നുണ്ടോയെന്ന് തുടർച്ചയായും സൂക്ഷ്‌മമായും ആർടിഎ നിരീക്ഷിക്കുന്നുണ്ടെന്നും മുന്നറിയിപ്പിൽ പറഞ്ഞു.
സ്കൂൾ പരിസരങ്ങളിലെ റോഡുകളിൽ ട്രാഫിക് നിയമം കൃത്യമായി പാലിക്കാൻ ഡ്രൈവർമാർക്ക് നിർദ്ദേശം നൽകണം. മറ്റു വാഹനങ്ങളുടെ സഞ്ചാരത്തെ സ്‌കൂൾ ബസുകൾ തടസ്സപ്പെടുത്തരുത്. വിദ്യാർഥികളെ സുരക്ഷിതമായും ശരിയായ രീതിയിലും കൈകാര്യം ചെയ്യാൻ ഡ്രൈവർമാർക്കും അറ്റൻഡന്റുമാർക്കും പരിശീലനം നൽകണം. അത്യാവശ്യ സുരക്ഷാ സംവിധാനങ്ങൾ ബസിൽ ഒരുക്കിയിരിക്കണം, ദൈനംദിന യാത്രകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്‌കൂൾ അധികൃതർ രക്ഷിതാക്കളുമായി സ്ഥിരമായ ആശ യവിനിമയം നടത്തണം.
കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന രീതിയിലാകണം വാഹനമോടിക്കേണ്ടത്. ബസിലെ സഹായികൾ കുട്ടികളെ താമസ സ്ഥലത്തിനുസമീപം ഏറ്റവും സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചുവെന്ന് ഉറപ്പാക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് ആർടിഎ പുറപ്പെടുവിച്ചത്. ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ബസിലെ സഹായികളുടെ നിർദേശം പാലിക്കാൻ വിദ്യാർഥികൾ തയാറാകണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.