യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും എംഎല്‍എയുമായ രാഹുൽ മാങ്കൂട്ടത്തിനെതിരെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്ന് സൂചന. പകരം അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിക്കും കെഎം അഭിജിത്തിനുമാണ് സാധ്യത. അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുലിനെ മാറ്റിയാലും എംഎൽഎ സ്ഥാനത്ത് തൽക്കാലം തുടരും. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വാങ്ങാൻ ഹൈക്കമാൻ്റാണ് നിർദ്ദേശിച്ചത്.
നിലവിലെ ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അന്വേഷിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ദീപദാസ് മുന്‍ഷി കെപിസിസി നേതൃത്വത്തിന് നിര്‍ദേശം നല്കി.
യുവ നേതാവിനെതിരെ മാധ്യമപ്രവര്‍ത്തക നടത്തിയ വെളിപ്പെടുത്തല്‍ വ്യാപക ചര്‍ച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തക ആരോപണം ഉന്നയിച്ചത് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയെന്നാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹം മറുപടി പറയണമെന്ന് പാർട്ടിയിൽ ആവശ്യം. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്ന ആവശ്യവും ശക്തമായതോടെ അദ്ദേഹം രാജിവെച്ചേക്കുമെന്നാണ് വിവരം.