സംഘടിത കുറ്റകൃത്യവിരുദ്ധ നടപടികളുടെ ഭാഗമായി രണ്ട് രാജ്യാന്തര കുറ്റവാളികളെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തി യുഎഇ ആഭ്യന്തര മന്ത്രാലയം. ഫ്രാൻസ്, ബെൽജിയം എന്നീ രാജ്യങ്ങളുമായാണ് കുറ്റവാളി കൈമാറ്റം നടന്നത്.
ഇന്റർപോൾ റെഡ് നോട്ടീസിൻ്റെ അടിസ്ഥാനത്തിൽ രണ്ട് പ്രതികളേയും ദുബായ് പോലീസ് യുഎഇയിൽ നിന്ന് പിടികൂടുകയായിരുന്നു. കുറ്റവാളികളുടെ പേരുകൾ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. അതേസമയം, പ്രതികളിൽ ഒരാളെ നിരവധി യൂറോപ്യൻ രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളുമായി ചേർന്ന് മയക്കുമരുന്ന് കടത്തിയ കേസിൽ ഫ്രഞ്ച് അതോറിറ്റി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
സംഘത്തിന്റെ നേതാവിനെ സഹായിച്ചിരുന്നതും ഇയാളാണ്. മയക്കുമരുന്ന് കടത്ത് കേസിൽ രണ്ടാമത്തെ പ്രതിക്കെതിരെ ബെൽജിയം അതോറിറ്റിയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.