വൈഫൈ ശൃംഖലകളിൽ ഈ വർഷം മാത്രം 12,000ത്തിലേറെ സൈബർ ആക്രമണങ്ങൾ നടന്നതായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി. രാജ്യത്ത് ആകെ രേഖപ്പെടുത്തിയ സൈബർ ആക്രമണങ്ങളിൽ 35 % വരുമിതെന്നും വിശ്വസനീയമല്ലാത്ത വൈഫൈ നെറ്റ് വർക്കുകൾ സൃഷ്ടിക്കുന്ന വളരെ ഗുരുതര വെല്ലുവിളിയാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു.
വൈഫൈ നെറ്റ് വർക്കുകൾ വഴി ഹാക്കർമാരും സൈബർ നുഴഞ്ഞുകയറ്റക്കാരും ഉപയോക്താക്കളെ ആക്രമിക്കുകയാണെന്നും കൗൺസിൽ വിശദീകരിച്ചു. പാസ്വേഡുകൾ, ബാങ്കിങ് വിവരങ്ങൾ, വ്യക് തിഗത വിവരങ്ങൾ എന്നിവ കൈക്കലാക്കാൻ ഇതിലൂടെ സൈബർ കുറ്റവാളികൾക്ക് സാധിക്കുകയും ചെയ്യുന്നു. ‘മാൻ ഇൻ ദ മിഡിൽ’ എന്നു വിളിക്കപ്പെടുന്ന ആരക്രമണമാണ് ഇക്കാര്യത്തിൽ ഏറ്റവും വലിയ വെല്ലുവിളി.
ഇതുവഴി ഹാക്കർമാർക്ക് ഡാറ്റ വായിക്കാനും ഫോൺവിളികൾ റെക്കോഡ് ചെയ്യാനും വ്യാജ വെബ് സൈറ്റുകളിലേക്ക് ഉപയോക്താക്കളെ എത്തിക്കാനും തുടങ്ങി ഫോൺ വിളികൾക്കിടയിൽ ഇടപെടാനും ഉപയോക്താക്കളറിയാതെ അവരുടെ ഉപകരണങ്ങളിൽ അപകടകരമായ സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്യാനും വരെ സാധിക്കും.
ഈ സാഹചര്യത്തിൽ സുരക്ഷിതമായ സൈബറിടം രൂപപ്പെടുത്തുന്നതിനും വളർന്നുവരുന്ന ഡിജിറ്റൽ വെല്ലുവിളികളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാനും യുഎഇ പരിശ്രമിച്ചുവരികയാണെന്ന് സൈബർ സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ ഡോ. മുഹമ്മദ് അൽ കുവൈത്തി പറഞ്ഞു.
പൊതു വൈഫൈ നെറ്റ്വർക്കുകളിൽ ഇൻ്റർനെറ്റ് ബ്രൗസ് ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഓരോ ഉപയോക്താവും മൂന്ന് സുപ്രധാന കാര്യങ്ങൾ പാലിക്കണമെന്നും കൗൺസിൽ നിർശേദിച്ചു.