ഇന്ന് തിങ്കളാഴ്ച പുതിയ അധ്യയന വർഷം ആരംഭിച്ചപ്പോൾ വിദ്യാർഥികൾക്ക് ആശംസകളും സന്ദേശവുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷി ദ് ആൽ മക്തൂം. ഇന്നലെ ഞായറാഴ്ച എക്സ് അക്കൗണ്ടിലാണ് വിദ്യാർഥികളെയും അധ്യാപകരെയും അടക്കം അഭിസംബോധന ചെയ്ത് ഒരു സന്ദേശം പങ്ക് വെച്ചത്.
പുതിയ സ്കൂൾ വർഷം ആരംഭിക്കുകയാണ്. രാജ്യത്താകമാനം 10ലക്ഷത്തിലേറെ വിദ്യാർഥികൾക്ക് ക്ലാസുകൾ പുനരാരംഭിക്കുകയാണ്. പുതിയ തുടക്കം പ്രതീക്ഷയും നന്മയും പ്രത്യാശയുമുള്ളതാണ്.
വിദ്യാർഥികൾക്ക് എല്ലാ സ്കൂൾ ദിവസങ്ങളും പുതിയ കാര്യങ്ങൾ പഠിക്കാനും വ്യത്യസ്തമായ നാഴികക്കല്ലുകൾ നേടാനും മനസ്സും സ്വപ്നങ്ങളും വിശാലമാക്കാനും ലക്ഷ്യത്തിലേക്ക് അടുക്കാനുമുള്ള അവസരമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അധ്യാപകരോട് നിങ്ങളാണ് രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിലെ പ്രധാന സ്തംഭങ്ങളെന്നും പുരോഗതിയുടെ നട്ടെല്ലും മാറ്റത്തിന്റെ ഏജന്റുമാരുമെന്നും ഷെയ്ഖ് മുഹമ്മദ് ഓർമിപ്പിച്ചു.