യുഎഇയിൽ പൊതു സ്കൂളുകളിലേക്ക് മൊബൈൽ കൊണ്ടുവരുന്നതിന് നിരോധനം ഏർപ്പെടുത്തി വിദ്യഭ്യാസ മന്ത്രാലയം. വിദ്യാർഥികളുടെ ഫോൺ പിടിച്ചെടുക്കുന്നതിനും പരിശോധിക്കുന്നതിനും കൃത്യമായ മാനദണ്ഡങ്ങളും നിശ്ചയിച്ചിട്ടുണ്ട്. സ്കൂൾ പ്രിൻസിപ്പൾമാർക്കും കിന്റർഗാർഡനുകൾക്കും മന്ത്രാലയം ഇത് സംബന്ധിച്ച് സർക്കുലർ അയച്ചിട്ടുണ്ട്.
പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥി പെരുമാറ്റ മാനേജ്മെൻ്റ് നിയന്ത്രണവുമായി ബന്ധപ്പെട്ട 2018ലെ മന്ത്രിതല ഉത്തരവ് അടിസ്ഥാനമാക്കിയാണ് സർക്കുലർ നൽകിയിട്ടുള്ളത്. ഫോൺ കൊണ്ടുപോകുന്നത് മൂലമുണ്ടാകുന്ന അപകടസാധ്യതകളിൽ നിന്ന് വിദ്യാർഥികളെ സംരക്ഷിക്കുകയും, സുരക്ഷിതമായ പഠന അന്തരീക്ഷത്തിൽ നല്ല പെരുമാറ്റം പ്രോത്സാഹിപ്പിക്കുകയുമാണ് നടപടി ലക്ഷ്യമിടുന്നത്.
മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി പ്രസിദ്ധീകരിച്ച സർക്കുലർ അനുസരിച്ച്, മൊബൈൽ ഫോണുകൾ കണ്ടെത്തുന്നതിനായി സ്കൂളുകൾ പതിവായി പരിശോധനാ കാമ്പെയ്നുകൾ നടത്തേണ്ടതുണ്ട്. ഈ പരിശോധനകൾ നിയന്ത്രണങ്ങൾ പാലിക്കുകയും വിദ്യാർത്ഥികളുടെ സ്വകാര്യതയെ മാനിക്കുകയും വേണം. ഇൻസ്പെക്ടർമാർ വിദ്യാർത്ഥികളെ ശാരീരികമായി സ്പർശിക്കുന്നത് നിരോധിച്ചിരിക്കുന്നു. പരിശോധനകൾ അവരുടെ ബാഗുകളിലും വ്യക്തിഗത വസ്തുക്കളിലും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു, സുതാര്യതയും അവകാശങ്ങളോടുള്ള ആദരവും ഉറപ്പാക്കാൻ വിദ്യാർത്ഥികൾ തന്നെ അവരുടെ വസ്തുക്കൾ പരിശോധനാ സമിതിക്ക് മുന്നിൽ പ്രദർശിപ്പിക്കേണ്ടതുണ്ട്.