യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. അബുദാബിയിൽ ചൂടുള്ളതും പൊടിനിറഞ്ഞതുമായ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ദുബായിലും കനത്ത ചൂട് അനുഭവപ്പെടും. ദുബായിൽ താപനില ഉയർന്ന് 41 ഡിഗ്രി സെൽഷ്യസ് വരെ എത്താമെന്നും കുറഞ്ഞ താപനില 32 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ വിദഗ്ധർ അറിയിച്ചു. വായുവിലെ പൊടിപടലങ്ങൾ ദൃശ്യപരത കുറയ്ക്കാൻ ഇടയാക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
അബുദാബിയിലും ചൂടുള്ള കാലാവസ്ഥ പ്രതീക്ഷിക്കാം. അന്തരീക്ഷം പൊടിനിറഞ്ഞതായിരിക്കും. കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്. രാജ്യത്തെ ആന്തരിക പ്രദേശങ്ങളിൽ 42 ഡിഗ്രി സെൽഷ്യസ് മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ താപനില അനുഭവപ്പെട്ടേക്കാം. തീരപ്രദേശങ്ങളിലും ദ്വീപുകളിലും 38 ഡിഗ്രി സെൽഷ്യസ് മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെ താപനിലയും പർവ്വത പ്രദേശങ്ങളിൽ 31 ഡിഗ്രി സെൽഷ്യസ് മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെ താപനിലയും അനുഭവപ്പെട്ടേക്കാമെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടി.
ശനിയാഴ്ച്ച രാത്രിയിലും ഞായറാഴ്ച്ച രാവിലെയും ഹ്യുമിഡിറ്റി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരദേശ, ഉൾനാടൻ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഹ്യുമിഡിറ്റി ഉയരാനുള്ള സാധ്യത കൂടുതലാണ്. നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.