ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച പൂർത്തിയായി. പരസ്പര വിശ്വാസം, ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കി ഇന്ത്യ-ചൈന ബന്ധം ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുരോഗതിയുണ്ടെന്നും മോദി പറഞ്ഞു. ഇന്ത്യ-ചൈന ബന്ധം ശുഭകരമായ ദിശയിലാണ്. മാനവരാശിയുടെ പുരോഗതിയ്ക്ക് പരസ്പര ബന്ധം ശക്തിപെടുത്തണം. അതിർത്തിയിൽ സ്ഥിരതയും സമാധാനവും ഉണ്ടായെന്നും മോദി പറഞ്ഞു.
ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ് സിഒ) നേതാക്കളുടെ ഉച്ചകോടിയോടനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻറും തമ്മിൽ നടത്തിയ കൂടിക്കാഴ്‌ച നടത്തിയത്. 55 മിനുറ്റാണ് നേതാക്കളുടെ കൂടിക്കാഴ്ച നീണ്ടത്.
കൈലാസ മാനസസരോവർ യാത്രയും ഇന്ത്യ- ചൈന നേരിട്ടുളള വിമാന സർവീസും പുനഃരാരംഭിക്കും. ഇക്കാര്യങ്ങൾ പരിഗണനയിലാണെന്നും യോഗത്തിൽ സംസാരിച്ചെന്നും മോദി പറഞ്ഞു. അതേസമയം കഴിഞ്ഞ വർഷം കസാനിൽ കൈക്കൊണ്ട തീരുമാനങ്ങൾ പരസ്പര ബന്ധം മെച്ചപ്പെടുത്തുന്നതിന് ഗുണകരമായെന്ന് മോദി പറഞ്ഞു.
ഇന്ത്യയും ചൈനയും വികസന പങ്കാളികളാണെന്നും എതിരാളികളല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രിസഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള ചർച്ചയിൽ ഇരുനേതാക്കളും വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുതെന്നും മോദിയും ഷിയും ആവർത്തിച്ച് ഉറപ്പിച്ചതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
2026-ൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷിയെ ക്ഷണിക്കുകയും ചെയ്‌തു. ക്ഷണത്തിന് പ്രസിഡൻ്റ് ഷി പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുകയും ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷസ്ഥാനത്തിന് ചൈനയുടെ പിന്തുണ വാഗ്ദദാനം ചെയ്യുകയും ചെയ്‌തതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.