അബുദാബിയിൽ ദർബ് ടോൾ സംവിധാനത്തിൽ വരുത്തിയ സമയമാറ്റംനാളെ സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് തിങ്കളാഴ്‌ച മുതൽ വൈകുന്നേരങ്ങളിൽ നാല് മണിക്കൂറായിരിക്കും ടോൾ ഈടാക്കുക. നേരത്തെ രണ്ട് മണിക്കൂർ മാത്രമാണ് വൈകുന്നേരം ടോൾ നൽകേണ്ടിയിരുന്നത്. അതായത് വൈകുന്നേരം ടോൾ ഈടാക്കുന്ന സമയം 5 മണി മുതൽ രാത്രി 7 മണി വരെ എന്നത് തിങ്കളാഴ്‌ച മുതൽ 3 മണി മുതൽ 7 മണി വരെ എന്നാക്കിയിട്ടുണ്ട്.
അതേസമയം നിലവിൽ രാവിലെ ഏഴു മുതൽ ഒമ്പത് വരെ എന്ന ടോൾ സമയം തുടരും.
ഞായറാഴ്ചകളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും ടോളിന് ഇളവുണ്ട്. അതേസമയം, സ്വകാര്യ വാഹനങ്ങളുടെ ടോൾ പരിധി എന്ന ആനുകൂല്യം സെപ്റ്റംബർ മുതൽ ഉണ്ടാവില്ല. ഒരു സ്വകാര്യ വാഹനത്തിന് ദിവസം പരമാവധി 16 ദിർഹം, അല്ലെങ്കിൽ മാസത്തിൽ 200 ദിർഹം എന്ന പരിധിയാണ് ഒഴിവാക്കിയത്.
ഇതോടെ, ടോൾ ബാധകമായ സമയത്ത് കടന്നുപോകുന്ന ഓരോവട്ടവും നാല് ദിർഹം വീതം വാഹനത്തിൽ നിന്ന് ഈടാക്കും.