യുഎഇ ഇന്ന് അപൂർവവും അതിശയകരവുമായ ഒരു ആകാശ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ‘ബ്ലഡ് മൂൺ’ എന്നറിയപ്പെടുന്ന പൂർണ്ണ ചന്ദ്രഗ്രഹണം ഇന്ന് സെപ്റ്റംബർ 7 ഇന്ന് രാത്രി മുതൽ സെപ്റ്റംബർ 8 ന് പുലർച്ചെ വരെ ദൃശ്യമാകും. ഇത് രാജ്യത്തുടനീളമുള്ള നക്ഷത്ര നിരീക്ഷകർക്ക് അതിശയിപ്പിക്കുന്ന കാഴ്ച സൃഷ്ടിക്കും. ഈ ഗ്രഹണം കണ്ണുകളാൽ തന്നെ സുരക്ഷിതമായി കാണാം. പ്രത്യേക കണ്ണടകളും ഫിൽറ്ററുകളും ആവശ്യമില്ല. എന്നാൽ, ടെലിസ്കോപ്പിലൂടെ നോക്കുമ്പോൾ ചന്ദ്രന്റെ ഉപരിതലവും ചുവപ്പ് നിറവും കൂടുതൽ വ്യക്തമാകും.
5 മണിക്കൂറിലേറെ നീളുന്ന ഗ്രഹണത്തിൽ, 1 മണിക്കൂർ 22 മിനിറ്റ് നീളുന്ന ടോട്ടാലിറ്റി (പൂർണ്ണാവസ്ഥ) രാജ്യവാസികൾക്ക് ദൃശ്യമായിരിക്കും. ചന്ദ്രഗ്രഹണം നടക്കുമ്പോൾ ചന്ദ്രൻ രക്തനിറം കൈക്കൊള്ളുന്നതിനാൽ, ഇതിനെ “ബ്ലഡ് മൂൺ” എന്നും വിളിക്കുന്നു.
ഗ്രഹണസമയത്ത് ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ എത്തി umbra (ഭൂമിയുടെ ഇരുണ്ട നിഴൽ) ചന്ദ്രനിൽ വീഴുമ്പോഴാണ് ബ്ലഡ് മൂൺ ദൃശ്യമാകുന്നത്. ഭൂമിയുടെ അന്തരീക്ഷം സൂര്യപ്രകാശത്തിലെ നീല തരംഗങ്ങൾ ആഗിരണം ചെയ്ത് ചുവപ്പ്-ഓറഞ്ച് നിറം മാത്രമാണ് ചന്ദ്രനിൽ എത്തിക്കുന്നത്.
യുഎഇ, മിഡിൽ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് ഗ്രഹണത്തിന്റെ മുഴുവൻ ഘട്ടവും കാണാം. ദക്ഷിണ അമേരിക്ക, ഉത്തര അമേരിക്കയിലെ ചില ഭാഗങ്ങളിൽ ഭാഗിക ഗ്രഹണം മാത്രമേ ദൃശ്യമാകൂ.