ഖത്തറിനെതിരെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയ ശത്രുതാപരമായ പ്രസ്താവനകളെ യുഎഇ ശക്തമായി അപലപിച്ചു.
ഖത്തറിന്റെ സുരക്ഷയും സ്ഥിരതയും ഗൾഫ് സഹകരണ കൗൺസിൽ (GCC)രാജ്യങ്ങളുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അവിഭാജ്യമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവർത്തിച്ചു. ജിസിസി അംഗത്തിനെതിരെയുള്ള ഏതൊരു ആക്രമണവും കൂട്ടായ ഗൾഫ് സുരക്ഷാ ചട്ടക്കൂടിനെതിരായ ആക്രമണമാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ഖത്തറിനെതിരെയുള്ള ഭാവി ഭീഷണികൾ ഉൾപ്പെടെയുള്ള ഇസ്രായേലിന്റെ പ്രസ്താവനകളെ യുഎഇ പൂർണമായും നിരാകരിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരം പ്രകോപനപരവും ശത്രുതാപരമായതുമായ പ്രസ്താവനകൾ തുടരുന്നത് പ്രാദേശിക സ്ഥിരതയെ ദുർബലപ്പെടുത്തുകയും മേഖലയെ വളരെ അപകടകരമായ പാതകളിലേക്ക് നയിക്കുകയും ചെയ്യുമെന്നും മന്ത്രാലയം പ്രസ്താവനയിൽ ആവർത്തിച്ചു.