ഇന്നലെ ബുധനാഴ്ച പുലർച്ചെ 12.05 ന് ദുബായിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 4.40 ന് പൂനെയിൽ എത്തേണ്ട സ്പൈസ്‍ജെറ്റ് വിമാനത്തിന്റെ (SG 52) സമയം രണ്ട് തവണ മാറ്റിയ ശേഷം അപ്രതീക്ഷിതമായി റദ്ദാക്കി. സാങ്കേതിക പ്രശ്നം മൂലമാണ് വിമാനം റദ്ദാക്കിയതെന്നാണ് യാത്രക്കാർക്ക് ലഭിച്ച വിവരം.
വിമാനത്തില്‍ 100 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാര്‍ എത്തിക്കഴിഞ്ഞ ശേഷം വിമാനം ബുധനാഴ്ച പുലർച്ചെ 12.55ന് പുറപ്പെടുമെന്ന് അറിയിപ്പ് ലഭിച്ചിരുന്നു. കുറച്ച് സമയത്തിന് ശേഷം പിന്നെയും പുറപ്പെടൽ സമയം മാറ്റി 1.30 ന് ആക്കിയതായി യാത്രക്കാർക്ക് അറിയിപ്പ് ലഭിച്ചു. പിന്നീട് പുലർച്ചെ 4.15 വരെ യാത്രക്കാര്‍ കാത്തിരുന്നു. ഇതിന് ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം സ്പൈസ്‍ജെറ്റ് എയര്‍ലൈന്‍ യാത്രക്കാരെ അറിയിച്ചത്.
ഭൂരിഭാഗം യാത്രക്കാര്‍ക്കും മറ്റൊരു വിമാനത്തില്‍ യാത്രാ സൗകര്യം ഏര്‍പ്പാടാക്കിയെന്നും ചില യാത്രക്കാര്‍ റീഫണ്ട് ആണ് തെരഞ്ഞെടുത്തതെന്നും സ്പൈസ്‍ജെറ്റ് എയര്‍ലൈന്‍ വക്താവ് അറിയിച്ചു. അതേസമയം വിമാനം റദ്ദാക്കിയെന്ന അറിയിപ്പിന് ശേഷം ഇമിഗ്രേഷനില്‍ എത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടി വന്നതായി യാത്രക്കാര്‍ അറിയിച്ചു. ലഗേജ് കിട്ടാൻ പിന്നെയും രണ്ട് മണിക്കൂറോളം സമയമെടുത്തതായും യാത്രക്കാര്‍ പറഞ്ഞു. രാവിലെ 6 മണിയോടെയാണ് ലഗേജ് കിട്ടിയതെന്നും യാത്രക്കാർ പറയുന്നു.