മറവി രോഗം (Alzheimer’s disease) നേരത്തെ കണ്ടുപിടിക്കാൻ ദുബായ് ഹോസ്പിറ്റലിൽ ആധുനിക സാങ്കേതിക വിദ്യ ദുബായ് ഹെൽത്ത് ഏർപ്പെടുത്തി.
“അമിലോയിഡ് പെറ്റ്-സി ടി ഇമേജിംഗ് ഉപയോഗിച്ചാണ് രോഗ നിർണയം നടത്തുന്നത്. ദുബായ് ഹെൽത്താണ് അടുത്തിടെ ഇത് അവതരിപ്പിച്ചത്. എമിറേറ്റിലെ ന്യൂറോളജിക്കൽ പരിചരണം ശക്തിപ്പെടുത്തുന്നതിലെ ഒരു അതുല്യമായ ചുവടുവയ്പാണിത്. നേരത്തെയുള്ളതും കൃത്യവുമായ ഈ രോഗനിർണയം ആളുകൾക്ക് രക്ഷയാകുമെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു.
രോഗം തിരിച്ചറിയാൻ ഡോക്ടർമാരെ സഹായിക്കുന്നതിൽ ഒരു പ്രധാന നാഴികക്കല്ലാണ് ഈ ആധുനിക സാങ്കേതിക വിദ്യ . ഓർമ പ്രശ്നങ്ങളോ നേരിയ വൈജ്ഞാനിക വൈകല്യമോ ഉള്ള മുതിർന്നവർക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ആശുപത്രിയിലെ ന്യൂക്ലിയർ മെഡിസിൻ ആൻഡ് മോളിക്യുലാർ ഇമേജിംഗ് സെന്ററിൽ ലഭ്യമായ നൂതന യന്ത്രം തലച്ചോറിലെ അസാധാരണമായ അമിലോയിഡ് പ്രോട്ടീൻ നിക്ഷേപം കൃത്യമായി കണ്ടെത്തും. നേരത്തെ വെളിപ്പെടുന്നതിലൂടെ, അൽഷിമേഴ്സിനെ മറ്റ് തരത്തിലുള്ള തകരാറുകളിൽ നിന്ന് വേർതിരിച്ചറിയാൻ സാധിക്കും.