ഷാർജയിൽ കഴിഞ്ഞ സെപ്റ്റംബർ 22 ന് ഹൗസ് ഓഫ് ഗ്രിൽ എന്ന റസ്റ്റോറന്റിലെ ജീവനക്കാർ ജോലിക്ക് എത്തിയപ്പോൾ ഭക്ഷണശാലയ്ക്ക് പുറത്ത് ചത്ത പൂച്ചക്കുട്ടിയെ കണ്ടെത്തി. പിറ്റേന്ന്, റസ്റ്റോറന്റിന്റെ പ്രവേശന കവാടത്തിന് സമീപം മറ്റൊരു ജീവനില്ലാത്ത പൂച്ചക്കുട്ടിയെ കണ്ടെത്തിയതും ജീവനക്കാരെ വളരെയധികം അസ്വസ്ഥരാക്കി. ഈ സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ചപ്പോൾ രണ്ട് പ്രഭാതങ്ങളിലും പൂച്ചക്കുട്ടികളെ ഒരാൾ അക്രമാസക്തമായി പീഡിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി.
രാവിലെ 6 മണിക്ക് എടുത്ത ദൃശ്യങ്ങളിൽ, ഒരു മനുഷ്യൻ പൂച്ചക്കുട്ടികളെ അക്രമാസക്തമായി എറിയുന്നതും, അവയെ ചവിട്ടുന്നതും, സമീപത്തുള്ള പ്രതലങ്ങളിൽ പൂർണ്ണ ശക്തിയോടെ ഇടിക്കുന്നതും കാണാം. അതിക്രൂരമായ ദൃശ്യങ്ങളായതുകൊണ്ട് വീഡിയോ പുറത്തുവിട്ടിട്ടില്ല.
ആക്രമണങ്ങൾ നടത്തുന്നതിന് മുമ്പ്, ഇയാൾ അടുത്തൊന്നും കാഴ്ചക്കാർ ആരും ഇല്ലെന്ന് ഉറപ്പാക്കായിരുന്നു. പൂച്ചക്കുട്ടികളിൽ ഒന്നിനെ ക്രൂരമായി പീഡിപ്പിച്ച ശേഷം, ചുറ്റും നോക്കിക്കൊണ്ട് അയാൾ പോകുന്നതും പൂച്ച നിലത്ത് നിസ്സഹായതയോടെ ബുദ്ധിമുട്ടുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഈ രണ്ട് ദിവസങ്ങളിലും, ഇയാൾ ഒരേ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്.
മരണപ്പെട്ട പൂച്ചകളുടെ ശരീരത്തിൽ രക്തം കണ്ടെത്തിയില്ല. അപ്പോഴാണ് അസ്വാഭാവികമായ എന്തോ ഒന്ന് സംശയിച്ച് ഞങ്ങൾ സിസിടിവി ക്യാമറകൾ പരിശോധിക്കാൻ തീരുമാനിച്ചതെന്ന് റസ്റ്റോറന്റിലെ മാനേജർ പറഞ്ഞു . കുട്ടികൾ സാധാരണയായി സ്കൂൾ ബസുകൾക്കായി കാത്തിരിക്കുന്ന സമയത്ത് പുലർച്ചെയാണ് ഈ സംഭവം നടന്നത്. ഇത് അങ്ങേയറ്റം ക്രൂരമായിരുന്നെന്നും മാനേജർ പറയുന്നു. സംഭവത്തിൽ പ്രതിയെ ഉടൻ പിടികൂടി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി.
യുഎഇയിലെ മൃഗസംരക്ഷണ നിയമങ്ങൾ ഇത്തരം കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷയാണ് നൽകുന്നത്. മനഃപൂർവ്വം മൃഗങ്ങളെ കൊല്ലുകയോ ഗുരുതരമായി മുറിവേൽപ്പിക്കുകയോ ചെയ്യുന്നവർക്ക് ജയിൽ ശിക്ഷയോ പിഴയോ ലഭിക്കാം. വളർത്തു മൃഗങ്ങളെ ഉപദ്രവിക്കുക, പീഡിപ്പിക്കുക, പരിചരിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് 5,000 ദിർഹം വരെ പിഴ ചുമത്തും. നേരത്തെ ഷാർജയിൽ പൂച്ചയുടെ ലൈംഗികാവയവം കത്തിച്ച സംഭവം വലിയ വിവാദമായിരുന്നു.