അബുദാബി ബിഗ് ടിക്കറ്റിൻ്റെ മൂന്നാം പ്രതിവാര ഇ-ഡ്രോയിൽ മലയാളിയടക്കം രണ്ട് ഇന്ത്യക്കാർക്ക് 50,000 ദിർഹം സമ്മാനം ലഭിച്ചു.
മലയാളിയായ ഷിജു മുത്തൈയ്യൻ വീട്ടിൽ(39), ബെംഗളൂരുവിൽ താമസിക്കുന്ന പ്രജിൻ മലാത്ത് (40) എന്നിവരാണ് ഇന്ത്യക്കാർ. കൂടാതെ, ഇന്തൊനീഷ്യയിൽ നിന്നുള്ള കോണി തബലൂജൻ(53), ബംഗ്ലദേശിൽ നിന്നുള്ള ഫർഹാന അക്തർ എം.ഡി. ഹാരുൺ എന്നിവരും വിജയികളായിട്ടുണ്ട്.
ഷിജു മുത്തൈയ്യൻ കഴിഞ്ഞ എട്ട് വർഷമായി 11 സഹപ്രവർത്തകരോടൊപ്പം എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. ബാംഗ്ലൂർ സ്വദേശി ഓട്ടോമോട്ടീവ് വ്യവസായത്തിലെ സെയിൽസ്മാൻ ആയ പ്രജിൻ മലാത്ത് കഴിഞ്ഞ 17 വർഷമായി ഖത്തറിൽ ആണ് താമസിക്കുന്നത്, കുടുംബം നാട്ടിലാണ്. നാല് മാസം മുമ്പ് സുഹൃത്തുക്കളിലൂടെയാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് ആദ്യമായി അറിഞ്ഞത്, അവരിൽ ഒരാളോടൊപ്പം ബിഗ് ടിക്കറ്റ് എടുക്കാൻ തീരുമാനിക്കുകയായിരുന്നു.