പാകിസ്താന്‍ ആഭ്യന്തര മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൌണ്‍സില്‍ അധ്യഷന്‍ കൂടിയായ മൊഹ്‌സിന്‍ നഖ്‌വിയില്‍ നിന്ന് ഏഷ്യ കപ്പ് ട്രോഫി സ്വീകരിക്കാന്‍ വിസമ്മതിച്ച് ഇന്ത്യന്‍ ടീം.
നിലപാടിനേക്കാള്‍ വലുതല്ല കിരീടമെന്നാണ് ടീം ഇന്ത്യയുടെ പ്രഖ്യാപനം. പാകിസ്താന് കൈകൊടുക്കില്ലെന്ന നിലപാടില്‍ കിരീട നേട്ടത്തിനിടയിലും ടീം ഇന്ത്യ വെള്ളം ചേര്‍ത്തില്ല.
ഇന്ത്യന്‍ ടീം ട്രോഫി സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെ മൊഹ്‌സിന്‍ നഖ്വി കപ്പുമായി മുങ്ങി. നഖ്‌വിയില്‍ നിന്ന് കപ്പ് വാങ്ങില്ലെന്ന് ഇന്ത്യ നിലപാടെടുത്തതോടെ മറ്റാര്‍ക്കും ചുമതല നല്‍കാതെയാണ് കപ്പുമായി നഖ്‌വി നാടകീയമായി കടന്നുകളഞ്ഞത്. കളിച്ചുനേടിയ അര്‍ഹതപ്പെട്ട കപ്പ് ആര്‍ക്കും നിഷേധിക്കാനാകില്ലെന്ന സന്ദേശം മുന്നോട്ടുവച്ച് ടീം ഇന്ത്യ പ്രതീകാത്മക കപ്പുയര്‍ത്തി. നഖ്വിയുടെ നടപടിയില്‍ ഐസിസി യോഗത്തില്‍ പ്രതിഷേധം അറിയിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി.
പഹല്‍ഗാം ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നതിനെതിരെ ഉയര്‍ന്നത് വ്യാപക വിമര്‍ശനങ്ങളായിരുന്നു. എന്നാല്‍ കളിച്ചും പാകിസ്താനെ കളി പഠിപ്പിച്ചുമായിരുന്നു ഇന്ത്യയുടെ സ്വീറ്റ് റിവഞ്ച്. ടൂര്‍ണമെന്റിനിടെ പാകിസ്താന്‍ താരങ്ങള്‍ക്ക്ഒരിക്കല്‍ പോലും കൈ കൊടുക്കാന്‍ ഇന്ത്യ തയ്യാറായില്ല. സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ ഗണ്‍ഫയര്‍ സെലിബ്രേഷന്‍ നടത്തിയും ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന തരത്തിലുള്ള ആംഗ്യം കാണിച്ചും പ്രകോപിക്കാന്‍ ശ്രമിച്ച പാകിസ്താന് ഫൈനലില്‍ കനത്ത മറുപടി തന്നെ ഇന്ത്യ നല്‍കി.