അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് മുന്നോട്ട് വെച്ച 20 നിര്‍ദേശങ്ങള്‍ നെതന്യാഹു അംഗീകരിച്ചു. നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് ഹമാസും നിലപാടറിയിക്കും. പദ്ധതി ഹമാസ് നിരസിച്ചാല്‍ ഇസ്രയേല്‍ ജോലി പൂര്‍ത്തിയാക്കുമെന്നാണ് നെതന്യാഹു വെല്ലുവിളിച്ചു.
ഇരുവിഭാഗവും കരാര്‍ അംഗീകരിച്ചാല്‍ യുദ്ധം ഉടന്‍ അവസാനിക്കും. ഇസ്രയേല്‍ പ്രത്യക്ഷമായി കരാര്‍ അംഗീകരിച്ച് 72 മണിക്കൂറിനകം മുഴുവന്‍ ബന്ദികളെയും ഹമാസ് മോചിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഗാസയുടെ പുനര്‍നിര്‍മാണത്തിന് ട്രംപിന്റെ അധ്യക്ഷതയില്‍ ഇടക്കാല രാജ്യാന്തര സമിതി രൂപീകരിക്കും. സൈനിക നടപടികള്‍ അവസാനിപ്പിക്കുക, ഗാസയിലേക്ക് ഉടനടി സഹായം എത്തിക്കുകയെന്നതും നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നു.
ഗാസ സമാധാന പദ്ധതിയെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തുകൊണ്ട് യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഏഴ് രാജ്യങ്ങളിലെ അദ്ദേഹത്തിന്റെ സഹമന്ത്രിമാരും ഒരു പ്രസ്താവന ഇറക്കി, യുദ്ധം അവസാനിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെയും പ്രശംസിച്ചു.