ദുബായിൽ മദ്യ ലഹരിയിൽ ഓടിച്ച വാഹനമിടിച്ച് കാൽനടക്കാരൻ മരിച്ച കേസിൽ കുടുംബത്തിന് 2 ലക്ഷം ദിർഹം ദിയാധനം നൽകണമെന്ന് ദുബായ് മിസ്‌ഡിമീനിയർ കോടതി വിധിച്ചു . പ്രതിക്കെതിരെ കോടതി 10,000 ദിർഹം പിഴയും ചുമത്തി.
അറബ് വംശജയായ യുവതിയാണ് കേസിലെ പ്രതി. അൽ ഖുദ്റ ഭാഗത്ത് അർധരാത്രിയായിരുന്നു അപകടം നടന്നത്. മദ്യലഹരിയിൽ അമിത വേഗത്തിൽ ഓടിച്ച കാർ നിയന്ത്രണംവിട്ട് ഒന്നിലധികം വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു.
തുടർന്ന് മൂന്ന് കാൽനടക്കാരെ ഇടിച്ചു തെറിപ്പിക്കുകയും ചെയ്തു. ഇവരിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. മെഡിക്കൽ പരിശോധനയിൽ ഡ്രൈവറായ യുവതി മദ്യലഹരിയിലായിരുന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു