ഈ വർഷം ആദ്യം ദുബായിൽ ജയിലിൽ നിന്ന് മാപ്പ് നൽകി മോചിപ്പിക്കപ്പെട്ട ബ്രിട്ടീഷ് പൗരനായ യുവാവ് വടക്കൻ ലണ്ടനിൽ ഒരു കാർ അപകടത്തിൽ മരിച്ചതായി യുകെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ടോട്ടൻഹാമിൽ നിന്നുള്ള 18 കാരനായ മാർക്കസ് ഫക്കാന ആണ് കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ വടക്കൻ ലണ്ടനിലെ ദി റൗണ്ട്വേയിൽ വാഹനങ്ങൾ തമ്മിൽ ഉണ്ടായ കൂട്ടിയിടിയെ തുടർന്ന് മരിച്ചത്. കൂട്ടിയിടിയെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
മാർക്കസ് സഞ്ചരിച്ചിരുന്ന വാഹനം മെട്രോപൊളിറ്റൻ പോലീസ് തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.പിന്നീട് പോലീസ് പിന്തുടരുന്നതിനിടെയാണ് വാഹനം ട്രക്കിലിടിച്ച് അപകടം സംഭവിച്ചത്. 60 സെക്കൻഡ് മാത്രമാണ് പിന്തുടർന്നതെന്നും വാഹനം പോലീസിൻ്റെ ദൃഷ്ടിയിൽ നിന്ന് മറഞ്ഞതിന് ശേഷമാണ് അപകടം സംഭവിച്ചതെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ദുബായിൽ 17 വയസ്സുള്ള പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട കുറ്റത്തിനാണ് ഒരു വർഷത്തെ തടവിന് ജയിലിലടയ്ക്കപ്പെട്ടിരുന്നത്. ശേഷം ജൂലൈയിൽ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൽ നിന്ന് മാപ്പ് ലഭിച്ചിരുന്നു.