ഖോർഫക്കാനിൽ ഇന്നലെ തിങ്കളാഴ്ച വൈകുന്നേരം ഉണ്ടായ ദാരുണമായ ഒരു വാഹനാപകടത്തിൽ 41 വയസുള്ള ഒരു എമിറാത്തി പിതാവും ഏഴ് മാസം പ്രായമുള്ള മകനും മരിച്ചു. അതേസമയം വാഹനത്തിൽ കൂടെയുണ്ടായിരുന്ന അമ്മ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. വൈദ്യസഹായം നൽകിയിട്ടും, ഇന്നാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്.
ഇന്നലെ ഒക്ടോബർ 6 ന് രാത്രി 8.55 ഓടെയാണ് അമിത വേഗതയും ഒരു വാഹനത്തിന്റെ പെട്ടെന്നുള്ള വ്യതിയാനവും മൂലമാണ് അപകടം സംഭവിച്ചതെന്ന് ഷാർജ പോലീസ് പറഞ്ഞു.ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന ഒരു കാറിൽ ഇടിക്കുകയായിരുന്നു. മറ്റേ വാഹനത്തിന്റെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. അടിയന്തര സംഘങ്ങൾ ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചിരുന്നു. അപകടകാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.